ജഷിമുദ്ദീൻ റഹ്മാനിയുടെ മോചനം ലക്ഷ്യമിടുന്നതെന്ത്...?
ഷെയ്ഖ് ഹസീന പടിയിറങ്ങിയതോടെ ബംഗ്ളാദേശിൽ ഇന്ത്യാവിരുദ്ധ നീക്കം ശക്തമാവുകയാണ്.മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ കരുനീക്കങ്ങൾ അവിടെ പല മാറ്റങ്ങളും വരുത്തുന്നു. ജമാഅത്തെ ഇസ്ലാമി പാർട്ടിയുടെ നിരോധനം കഴിഞ്ഞമാസം പിൻവലിച്ചതാണ് ഒടുവിലത്തേത്. മാത്രമല്ല ഇന്ത്യാ വിരുദ്ധനായ കൊടുംഭീകരൻ ജഷിമുദ്ദീൻ റഹ്മാനിയെ ജയിൽ മോചിതനാക്കുകയും ചെയ്തു. 2013 മുതൽ ജയിലിലായിരുന്ന റഹ്മാനിയുടെ അടുത്തനീക്കം എന്താണെന്ന് ബംഗ്ളാദേശിനു പുറത്തുള്ള രഹസ്യാന്വേഷണ ഏജൻസികൾ ഉറ്റുനോക്കുകയാണ്.
ബംഗ്ലാദേശിലെ മതേതര ഭരണഘടനയ്ക്ക് വിരുദ്ധമെന്ന് കാട്ടി ജമാഅത്തെ ഇസ്ലാമിയെ 2013ൽ കോടതി തിരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് തീവ്രവാദ വിരുദ്ധ നിയമപ്രകാരം പാർട്ടിയെ ഹസീന നിരോധിച്ചു. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പേരിൽ രാജ്യത്ത് കലാപം സൃഷ്ടിച്ചത് പാർട്ടിയാണെന്ന് ഹസീന ആരോപിച്ചിരുന്നു. എന്നാൽ ഹസീനയുടെ ആരോപണത്തിൽ തെളിവില്ലെന്ന് പറഞ്ഞ ഇടക്കാല സർക്കാർ നിരോധനം നീക്കി.
പ്രക്ഷോഭത്തെ തുടർന്ന് ആഗസ്റ്റ് അഞ്ചിന് രാജിവച്ച ഹസീന ഇന്ത്യയിൽ അഭയം തേടി. ഹസീനയ്ക്ക് അഭയം നൽകിയതിന് ഇന്ത്യയോടുള്ള അതൃപ്‌തി യൂനുസ് സർക്കാർ പരസ്യമായി പ്രകടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം നീക്കിയതും ജഷിമുദ്ദീൻ റഹ്മാനിയെ മോചിപ്പിച്ചതും ഇന്ത്യയെ ലക്ഷ്യമിട്ടാണെന്ന സൂചനകളും പുറത്തുവരുന്നു. ഇതിന്റെ കൂടെ ചേർത്തുവായിക്കേണ്ട കാര്യമാണ്, ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമിക്ക് നിരോധനമില്ല എന്നതും.
"അധികം വൈകാതെ നിങ്ങളുടെ രാജ്യവും ഭിന്നിക്കും. ഞങ്ങളുടെ പതാക അവിടെ പാറിപ്പറക്കും"- എന്നാണ് മോചിതനായതിന് പിന്നാലെ റഹ്മാനി നടത്തിയ ആദ്യ പ്രതികരണം. അൽ ക്വഇദയുമായി ബന്ധമുള്ള അൻസാറുള്ള ബംഗ്ലാ ടീം (എ.ബി.ടി) സംഘടനയുടെ തലവനായ റഹ്മാനി അഞ്ച് വാഗ്ദാനങ്ങളാണ് അണികൾക്ക് നൽകിയിരിക്കുന്നത്.
അഞ്ച് വാഗ്ദാനങ്ങൾ
1. ഇന്ത്യയെ ഉടൻ വിഭജിച്ച് ഖാലിസ്ഥാനികൾക്ക് നൽകും. ഖാലിസ്ഥാനികളുടെ സമയം വന്നിരിക്കുന്നു. വിപ്ലവം സൃഷ്ടിക്കും
2. ജമ്മു കാശ്‌മീർ മോചിപ്പിച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും നൽകും
3. ബംഗാളിനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വാഗ്ദാനം. ഇതിനായി ബംഗാളിൽ രഹസ്യ നീക്കങ്ങൾ ആരംഭിച്ചെന്നും റിപ്പോർട്ട്
4. ഭീകരൻ ഷർജീൽ ഇമാം പറഞ്ഞതിന്റെ ചുവടുപിടിച്ച് ചൈനയുമായി സംസാരിച്ച് ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന സിലിഗിരി കോറിഡോർ അടയ്ക്കാൻ നീക്കം നടത്തും. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വെവ്വേറെ തങ്ങളുടെ കൈപ്പിടിയിലാക്കും.
ഓരോന്നും ഓരോ രാജ്യങ്ങളാകും
5. തൗഹീദിന്റെ പതാക ഡൽഹിയിൽ പാറിപ്പറക്കും
കൊടുംഭീകരവാദിയായ ഒരാളെ പുറത്തുവിട്ടതും അയാളുടെ വെല്ലുവിളിയും നിസാരകാര്യമല്ല. എന്നാൽ, ഇന്ത്യ എന്ന ശക്തിക്കു മുമ്പിൽ അത് ഏൽക്കില്ല എന്നത് യാഥാർത്ഥ്യം.