അഭിഭാഷകയെ വീഡിയോ കാളിൽ നഗ്നയാക്കി തട്ടിപ്പ്
മുംബയ്: അഭിഭാഷകയെ വീഡിയോ കാളിൽ നഗ്നയാക്കി സൈബർ തട്ടിപ്പ്. കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അഭിഭാഷകയെ തട്ടിപ്പുസംഘം നഗ്നയാക്കിയത്. പിന്നാലെ 50,000 രൂപയും തട്ടിയെടുത്തു. മുംബയ് അന്ധേരിയിലെ 36കാരിയാണ് സൈബർ തട്ടിപ്പിൽ വീണത്. കഴിഞ്ഞ ബുധനായിരുന്നു സംഭവം.
അഭിഭാഷക ഷോപ്പിംഗ് മാളിലായിരിക്കെ 'ട്രായി'ൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോൺകാൾ വന്നു. അഭിഭാഷകയുടെ സിംകാർഡും നമ്പറും കള്ളപ്പണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സിം ഉടൻ ബ്ലോക്ക് ചെയ്യുമെന്നുമായിരുന്നു സന്ദേശം. ബ്ലോക്ക് ചെയ്യാതിരിക്കാൻ പൊലീസിൽനിന്ന് ക്ലിയറൻസ് വാങ്ങണമെന്നും അറിയിച്ചു. പിന്നാലെ അന്ധേരി സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ സംസാരിച്ചു.
ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ ഉൾപ്പെട്ട കള്ളപ്പണക്കേസിൽ കേസ്് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇയാൾ അറിയിച്ചു. നടപടികളുടെ ഭാഗമായി വീഡിയോ കാളിൽ വരാനും സ്വകാര്യപരിശോധനയ്ക്കായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറിനിൽക്കാനും ആവശ്യപ്പെട്ടു. ഇതോടെ ഭയന്ന അഭിഭാഷക സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു. പിന്നാലെ വീഡിയോ കാൾ ചെയ്ത തട്ടിപ്പുസംഘം ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നും കേസ് രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ശരീരത്തിലെ അടയാളങ്ങൾ ശരിയാണോ
എന്നും പരിശോധിക്കേണ്ടതുണ്ടെന്ന് അറിയിച്ചു. ഇതിനായി വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു.
വനിതാ ഓഫീസറാണ് പരിശോധന നടത്തുന്നതെന്നും പറഞ്ഞു. സ്വാഭാവിക നടപടിയാണെന്ന് വിശ്വസിച്ച അഭിഭാഷക നിർദ്ദേശമനുസരിച്ച് വസ്ത്രം മാറ്റി. എന്നാൽ, തട്ടിപ്പുസംഘം ദൃശ്യങ്ങൾ റെക്കാഡ് ചെയ്‌തു. പിന്നാലെ കേസിൽനിന്ന് ഒഴിവാക്കാനായി 50,000 രൂപ ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്യാൻ നിർദ്ദേശിച്ചു. സംഭവം ആരോടും വെളിപ്പെടുത്തരുതെന്നും ഭീഷണിപ്പെടുത്തി.
എന്നാൽ, പിന്നാലെ യുവതിയുടെ നഗ്നചിത്രങ്ങൾ അയച്ചുനൽകി കൂടുതൽ പണം ആവശ്യപ്പെട്ട് സന്ദേശങ്ങളെത്തി. ഇതോടെ തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ട അഭിഭാഷക പൊലീസിൽ പരാതി നൽകി. ഭർത്താവിനോട് വിവരം പറയുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു.
അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പണം കൈമാറിയ അക്കൗണ്ടിന്റെ വിവരങ്ങൾക്കായി ബാങ്കിന്റെ നോഡൽ ഓഫീസറെ സമീപിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് മരവിപ്പിക്കാനും നിർദ്ദേശം നൽകി.