ഡിവോഴ്‌സിനെ പെർഫ്യൂമാക്കി ദുബായ് രാജകുമാരി

Sunday 15 September 2024 7:21 AM IST

​​​​​​

ദുബായ് : ഇൻസ്റ്റഗ്രാമിലൂടെ വിവാഹ മോചനം പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും വാർത്തകളിൽ നിറഞ്ഞ് ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ അൽ മക്തൂം. ' ഡിവോഴ്‌സ്' എന്ന പേരിൽ പുതിയ പെർഫ്യൂം അവതരിപ്പിച്ചാണ് മഹ്‌റ വൈറലായിരിക്കുന്നത്. രാജകുമാരിയുടെ പ്രശസ്തമായ മഹ്‌റ എം1 പെർഫ്യൂം ബ്രാൻഡിന് കീഴിലാണ് ഡിവോഴ്സ് ലൈനിലെ പെർഫ്യൂമുകൾ ഇറക്കുക. മുൻ ഭർത്താവുമായുള്ള വേർപിരിയൽ വിവാദങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് പെർഫ്യൂം.

ഡിവോഴ്‌സ് പെർഫ്യൂമിന്റെ ടീസർ വീഡിയോ മഹ്‌റ ഇൻസ്​റ്റഗ്രാമിലൂടെ പുറത്തുവിട്ടു. കറുത്ത ഗ്ലാസ് ബോട്ടിലിന് മുകൾ ഭാഗത്ത് വെളുത്ത നിറത്തിൽ ഡിവോഴ്‌സ് എന്ന് എഴുതിയിരിക്കുന്നത് കാണാം. ഉടഞ്ഞ ഗ്ലാസുകളെയും ബ്ലാക്ക് പാന്തറിനെയും വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്. ഉടൻ തന്നെ പെർഫ്യൂം വിപണിയിലെത്തും. ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളാണ് മഹ്റ.

ജൂലായിലാണ് മഹ്റ ഇൻസ്റ്റഗ്രാമിലൂടെ വിവാഹ മോചനം പ്രഖ്യാപിച്ചത്. ' പ്രിയ ഭർത്താവേ, നിങ്ങൾ മ​റ്റുള്ളവർക്കൊപ്പം തിരക്കിലായിരിക്കാം. ഞാൻ നമ്മളുടെ വിവാഹമോചനം പ്രഖ്യാപിക്കുകയാണ്. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു (മൂന്നു തവണ പറഞ്ഞു) എന്ന് നിങ്ങളുടെ മുൻ ഭാര്യ" - മഹ്‌റ ഇൻസ്റ്റയിൽ കുറിച്ചു.

ഷെയ്ഖ് മന ബിൻ അൽ മക്തും ആയിരുന്നു മഹ്‌റയുടെ ഭർത്താവ്. കഴിഞ്ഞ വർഷം മേയിലായിരുന്നു ഇരുവരുടെയും രാജകീയ വിവാഹം. അടുത്തിടെ ഇവർക്ക് ഒരു മകൾ ജനിച്ചിരുന്നു. യു.എ.ഇ ആംഡ് ഫോഴ്സ് നാഷണൽ സർവീസിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മന റിയൽ എസ്‌​റ്റേ​റ്റ്, ടെക്നോളജി മേഖലകളിലെ നിരവധി സംരംഭങ്ങളിൽ പങ്കാളിയാണ്. മനയുമൊത്തുള്ള ചിത്രങ്ങൾ മഹ്‌റ ഇൻസ്റ്റയിൽ നിന്ന് നീക്കിയിരുന്നു.