കൊമൊറോസ് പ്രസിഡന്റിന് നേരെ കത്തി ആക്രമണം

Sunday 15 September 2024 7:21 AM IST

മൊറോണി: തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ കൊമൊറോസിന്റെ പ്രസിഡന്റ് അസാലി അസൂമാനിക്ക് ( 65 ) നേരെ കത്തിയാക്രമണം. പരിക്കേറ്റ അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. പ്രാദേശിക സമയം, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2നായിരുന്നു സംഭവം. തലസ്ഥാനമായ മൊറോണിയ്ക്ക് വടക്കുള്ള സലിമാനി ഇറ്റ്സാൻഡ്ര പട്ടണത്തിൽ ഒരു മതനേതാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കവെ അഹ്‌മ്മദ് അബ്ദൂ (24) എന്ന പൊലീസുകാരൻ അസാലിയെ കുത്തുകയായിരുന്നു. അറസ്റ്റിലായ ഇയാളെ ഇന്നലെ രാവിലെ പൊലീസ് സ്റ്റേഷനിലെ സെല്ലിൽ മരിച്ചനിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. അസാലിക്ക് നേരെയുള്ള ആക്രമണത്തിന്റെ കാരണവും വ്യക്തമല്ല.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആഫ്രിക്കൻ യൂണിയന്റെ മുൻ ചെയർപേഴ്സൺ കൂടിയാണ് അസാലി.