കൊല്ലം വാഹനാപകടം, പ്രതി അജ്‌മലും വനിതാ ഡോക്‌ടറും സുഹൃത്തിന്റെ വീട്ടിൽ മദ്യപിച്ചിരുന്നതായി വിവരം

Monday 16 September 2024 8:27 AM IST

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയുടെ മരണത്തിനിരയായ വാഹനം ഓടിച്ചിരുന്ന അജ്‌മൽ സംഭവസമയം മദ്യപിച്ചിരുന്നതായി പൊലീസ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്‌ടറും മദ്യലഹരിയിൽ ആയിരുന്നു. സുഹൃത്തിന്റെ വീട്ടിലെ മദ്യപാനത്തിന് ശേഷമാണ് അജ്‌മലും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്‌ടർ ശ്രീക്കുട്ടിയും കാറിൽ സഞ്ചരിച്ചത്. അപകടത്തിന് മുൻപ് ഇവർ മദ്യപിക്കുന്നത് കണ്ടതായും നാട്ടുകാർ പറയുന്നുണ്ട്.

അപകടം നടന്നയുടൻ രക്ഷപ്പെടാൻ ശ്രമിച്ചത് നാട്ടുകാർ ആക്രമിച്ചാലോ എന്ന് ഭയന്നാണെന്ന് പ്രതി അജ്‌മൽ വ്യക്തമാക്കി. തിരുവോണനാളിൽ വൈകുന്നേരം 5.45നായിരുന്നു അപകടം. സ്‌കൂട്ടർ യാത്രക്കാരി മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) അപകടത്തെ തുടർന്ന് മരിച്ചു.സ്‌കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്ക് പരിക്കേറ്റു. കുഞ്ഞുമോളുടെ കഴുത്തിലൂടെ കാർ കയറ്റിയിറക്കിയ ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട അജ്‌മലിനെ ശാസ്‌താംകോട്ട പതാരത്ത് നിന്നുമാണ് പിടികൂടിയത്.

അപകടം നടന്നയുടൻ തന്നെ കാറും കാറിലുണ്ടായിരുന്ന യുവ വനിതാ ഡോക്ടർ ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സ്‌കൂട്ടറിന് പിന്നിൽ അജ്മൽ കാറിടിച്ചപ്പോൾ തന്നെ നാട്ടുകാർ വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ ഇയാൾ കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കുഞ്ഞുമോളെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9.45ഓടെ മരിച്ചു.