മരോട്ടിച്ചുവടിൽ യുവാവിന്റെ മൃതദേഹം കണ്ട സംഭവം,​ കൊല്ലം സ്വദേശി പിടിയിൽ

Monday 16 September 2024 8:55 AM IST

കൊച്ചി: എളമക്കരയ്‌ക്ക് സമീപം മരോട്ടിച്ചുവടിൽ വഴിയരികിൽ യുവാവിന്റെ മൃതദേഹം കണ്ട സംഭവത്തിൽ ഒരാൾ പിടിയിൽ. സംഭവം കൊലപാതകമാണെന്നാണ് സൂചന. ഇടപ്പള്ളി സ്വദേശി പ്രവീണാണ് മരിച്ചത്. ഈ സംഭവത്തിൽ കൊല്ലം സ്വദേശി സമീറാണ് പിടിയിലായത്. മദ്യപാനത്തിനിടെ പ്രവീണുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രഭാതസവാരിയ്‌ക്കിറങ്ങിയവരാണ് യുവാവിന്റെ മൃതദേഹം കണ്ടത്. മരോട്ടിച്ചുവട് പാലത്തിന് താഴെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. ആക്രമണത്തിന് പ്രതി ഉപയോഗിച്ച പട്ടികയും വടിയുമടക്കം തൊട്ടടുത്തുണ്ടായിരുന്നു.

രാത്രിയിൽ ഈ പ്രദേശത്ത് ഉണ്ടായിരുന്നവരെയെല്ലാം പൊലീസ് ചോദ്യം ചെയ്‌തിരുന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. രാത്രിയിൽ എന്തെങ്കിലും തരത്തിൽ അടിപിടിയോ മറ്റോ നടന്നിരുന്നോ എന്നും അതിന് പിന്നാലെയാണോ സംഭവം എന്നും പൊലീസ് അന്വേഷിച്ചതോടെയാണ് നിജസ്ഥിതി പുറത്തുവന്നത്. ഏതാനും നാളുകളായി പ്രവീൺ ഇതേ സ്ഥലത്ത് തന്നെയാണ് താമസിച്ചു വന്നിരുന്നത്.