കടുത്ത യുക്രൈൻ അനുകൂലി, ജീവൻ ത്യജിക്കാൻ തയ്യാർ; ട്രംപിന്റെ മരണം ലക്ഷ്യമിട്ട 58കാരൻ ആരാണ്?

Monday 16 September 2024 9:44 AM IST

ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമമുണ്ടായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം ഉച്ചയോടുകൂടിയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ റയാൻ വെസ്‌ലി റൗത്ത് എന്ന 58കാരനെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോൾഫ് ക്ലബിൽ കളിക്കുന്നതിനിടെയാണ് ട്രംപ് ആക്രമണത്തിനിരയായത്.

നോർത്ത് കരോലിന സ്വദേശിയായ റയാൻ കടുത്ത യുക്രൈൻ അനുകൂലിയാണെന്നാണ് യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുക്രൈനിലേക്ക് പോകുന്നതിനും രാജ്യത്തിനായി സന്നദ്ധ സേവനം നടത്തി മരണമടയാനും തയ്യാറാണെന്ന് ഇയാൾ സോഷ്യൽമീഡിയയിൽ പങ്കുവച്ച ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. നോർത്ത് കരോലിന അഗ്രികൾച്ചറൽ ആൻഡ് ടെക്നിക്കൽ സ്‌​റ്റേ​റ്റ് യൂണിവേഴ്സി​റ്റിയിൽ നിന്നും ബിരുദം സ്വന്തമാക്കിയ പ്രതി 2018ഓടെ ഹവായിയിലേക്ക് താമസം മാറുകയായിരുന്നു.

സ്വന്തമായി കരാറുകൾ ഏറ്റെടുത്ത് ജോലി ചെയ്യുന്ന ഒരു ബിൽഡറാണ് റയാൻ. ഇയാൾ പലതവണകളായി സോഷ്യൽമീഡിയയിലൂടെ ട്രംപിനെ വിമർശിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന റയാൻ ജൂലായിൽ ട്രംപിനുനേരെയുണ്ടായ വധശ്രമത്തെക്കുറിച്ചും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. കൂടാതെ പൊലീസിനെ ആക്രമിച്ച സംഭവത്തിലടക്കം നിരവധി കേസുകളിലും ഇയാൾ പ്രതിയായിട്ടുണ്ട്.

ലക്ഷ്യസ്ഥാനം ഉറപ്പിക്കാൻ സഹായിക്കുന്ന സ്‌കോപ്പും ഗോപ്രോ ക്യാമറയും ബാക്‌പാക്കും ആക്രമണത്തിനുപയോഗിച്ച ഒരു എകെ-47 തോക്കും ഇയാളിൽ നിന്ന്പിടികൂടിയിട്ടുണ്ട്. സീക്രട്ട് സർവീസ് അംഗങ്ങൾ തിരികെ വെടിയുതിർത്തപ്പോൾ ഒളിച്ചിരുന്നയിടത്ത് നിന്നും പുറത്തുകടന്ന പ്രതി ഒരു കറുത്ത കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു.

ജൂലായ് 13ന് പെൻസിൽവാനിയയിലെ റാലിയിൽ പങ്കെടുക്കവെയാണ് ട്രംപിനെതിരെ ആദ്യ വധശ്രമം ഉണ്ടായത്. പ്രസംഗിക്കുന്നതിനിടെ അക്രമി അദ്ദേഹത്തിന് നേരെ വെടിയുതിർത്തിരുന്നു. തോമസ് മാത്യു ക്രുക്ക്‌സ് എന്ന 20കാരനാണ് അന്ന് ട്രംപിനെ ആക്രമിച്ചത്. ട്രംപിന്റെ വലതുചെവിയിൽ അന്ന് പരിക്കേറ്റിരുന്നു.

Advertisement
Advertisement