അദിതി റാവു ഹെെദരിയും സിദ്ധാർത്ഥും വിവാഹിതരായി; അതീവ സുന്ദരിയായി രാജകുടുംബാംഗമായ നടി
ഹൈദരാബാദ്: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹെെദരിയും വിവാഹിതരായി. തെലങ്കാനയിലെ 400 വർഷം പഴക്കമുള്ള വാനപർത്തി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. നടി തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. 'നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസ്റ്റർ ആന്റ് മിസിസ് അദു- സിദ്ധു'- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് അദിതി കുറിച്ചത്. ചിത്രങ്ങൾക്ക് താഴെ നടീനടന്മാരടക്കം നിരവധി പേർ ആശംസകൾ പങ്കുവച്ചു.
സിനിമാ മേഖലയിൽ ഏറെ ചർച്ചയായ പ്രണയമാണ് നടൻ സിദ്ധാർത്ഥിന്റെയും നടി അദിതി റാവു ഹെെദരിയുടെയും. അടുത്തിടെയാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും താരങ്ങൾ പങ്കുവച്ചിരുന്നു.
ഹെെദരാബാദിലെ പ്രശസ്‌ത രാജകുടുംബത്തിലാണ് അദിതി റാവു ജനിച്ചത്. വാനപർത്തി നാട്ടുരാജ്യത്തിലെ അവസാന ഭരണാധികാരി അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു. അതുകൊണ്ടാണ് താരവിവാഹം വാനപർത്തിയിലെ ശ്രീരംഗപുരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് നടത്തിയതെന്നാണ് വിവരം.
2021മുതൽ സിദ്ധാർഥും അദിതി റാവുവും പ്രണയത്തിലാണ്. 2021ൽ 'മഹാസമുദ്രം' എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2003ലാണ് സിദ്ധാർഥിന്റെ ആദ്യ വിവാഹം. ബാല്യകാല സുഹൃത്തായ മേഘ്നയെയാണ് സിദ്ധാർഥ് വിവാഹം ചെയ്തത്. എന്നാൽ 2007ൽ ദമ്പതികൾ വിവാഹമോചനം നേടി. ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2002ൽ വിവാഹിതരായ ഇവർ 2012ൽ വേർപിരിഞ്ഞു.