'പൂർണമായും ഒഴിവാക്കി, മുകേഷേട്ടന്റെ സഹോദരിമാരിൽ നിന്നുണ്ടായത് വിഷമിപ്പിച്ചു'; തുറന്നുപറഞ്ഞ് മേതിൽ ദേവിക
മുകേഷിന്റെ വീട്ടിൽ നിന്ന് യാതൊരു തരത്തിലുളള പിന്തുണയും ലഭിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞ് മുൻ ഭാര്യ ഡോക്ടർ മേതിൽ ദേവിക. കുടുംബത്തിൽ നിന്നും തന്നെ പൂർണമായും ഒഴിവാക്കിയിരുന്നുവെന്ന് താരം പറഞ്ഞു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ദേവിക കുടുംബജീവിതത്തിലുണ്ടായ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.
'മുകേഷേട്ടന്റെ അമ്മയും കുഞ്ഞമ്മയും നല്ല വ്യക്തികളാണ്. പക്ഷെ ഒരു സ്ത്രീ എന്ന നിലയ്ക്ക് മുകേഷേട്ടന്റെ സഹോദരിമാരിൽ നിന്ന് യാതൊരു തരത്തിലുളള പിന്തുണയും ലഭിച്ചിട്ടില്ല. അത് വല്ലാതെ വിഷമിപ്പിച്ച കാര്യമാണ്. അവരൊക്കെ വലിയ രീതിയിൽ ഫെമിനിസം പറയുന്നവരാണ്. അവർ പൂർണമായും എന്നെ ഒഴിവാക്കുകയാണ് ചെയ്തത്. ഒരു തവണ മുകേഷേട്ടന്റെ ഒരു ബന്ധു എന്നെ കളിയാക്കി.
മുകേഷേട്ടനായിരുന്നില്ല എന്റെ പ്രശ്നം. അതിപ്പോൾ പൊതുവേ പറയുകയാണെങ്കിൽ, ഭർത്താവിന്റെ തെറ്റുകളെക്കുറിച്ച് ഭാര്യമാർ ഭർത്താവിന്റെ ബന്ധുക്കളോട് പറയുമ്പോൾ യാതൊരു വിധത്തിലുമുളള പിന്തുണയും ലഭിക്കാറില്ല. നമ്മുടെ സമൂഹത്തിലെ പ്രശ്നം ഇതാണ്. ഫെമിനസത്തെക്കുറിച്ച് പറയുന്നവർ വീട്ടിൽ നിന്ന് ആദ്യം പരിശീലിക്കേണ്ടത് ഇതല്ലേ. പക്ഷെ എനിക്ക് അവരോട് ദേഷ്യമൊന്നുമില്ല. അദ്ദേഹത്തിനെതിരെയുണ്ടായ ആരോപണങ്ങൾ ഒന്നും സത്യമാണെന്ന് ഞാൻ പറയുന്നില്ല. എല്ലാം ആളുകൾ പറയുന്നതല്ലേ.
മാധവം വീട്ടിൽ അദ്ദേഹം വരാറുണ്ട്. അത് ആർട്ട് ഹൗസാണ്. എന്റെ വിദ്യാർത്ഥികളും അവിടെ താമസിക്കാറുണ്ട്. വീടിനേക്കാളും അവിടെ ഒരുപാട് കലാപരമായ കാര്യങ്ങൾ നടക്കുന്നുണ്ട്. അവിടെ നമ്മൾ ദേഷ്യപ്രകടനമൊന്നും കാണിക്കേണ്ട ആവശ്യമില്ല. ഭാര്യയെന്ന നിലയിലുള്ള സ്ഥാനം ഒഴിഞ്ഞു. പിന്നെ ദേഷ്യം കാണിക്കേണ്ട കാര്യമില്ല. ഒരു വ്യക്തിയുമായി പിരിഞ്ഞാൽ അവരെ എപ്പോഴും വ്യക്തിഹത്യ ചെയ്യേണ്ട കാര്യമില്ല. വിവാഹം ചെയ്തെന്ന് കരുതി എപ്പോഴും പ്രതിരോധിക്കേണ്ട കാര്യവുമില്ല'- ദേവിക പറഞ്ഞു.