ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിൽ മലയാള സിനിമയിൽ സംഘടന, പുതിയ സംസ്‌കാരം കൊണ്ടുവരുമെന്ന് നേതൃത്വം

Monday 16 September 2024 1:43 PM IST

കൊച്ചി: സംവിധായകൻ ആഷിഖ് അബുവിന്റെയും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിൽ മലയാള സിനിമയിൽ പുതിയ സംഘടന. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പേര്. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കൽ,രാജീവ് രവി എന്നിവരാണ് നേതൃനിരയിൽ ഉള്ളത്.പുതിയ സംസ്കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി. അസോസിയേഷൻ സിനിമ പ്രവർത്തകർക്ക് കത്ത് നൽകി.

തൊഴിലാളികളുടെ ശാക്തീകരണമാണ് ലക്ഷ്യം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളുടെ വേര് ഊന്നി പ്രവർത്തിക്കും, പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്.

മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു നേരത്തെ രാജിവെച്ചിരുന്നു. നേതൃത്വത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചായിരുന്നു ആഷിക് അബു രാജിവച്ചത്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴി വിവരങ്ങൾ പുറത്തുവിട്ട റിപ്പോർട്ടർ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഡബ്ല്യൂസിസി രംഗത്തെത്തി. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് തുറന്ന കത്ത്. റിപ്പോർട്ട് കൈവശമുള്ള ചിലരുടെ നീക്കങ്ങൾ സംശയാസ്പദമെന്നും ഡബ്ല്യൂസിസി ആശങ്ക പ്രകടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളും വിവരങ്ങളും വെളിപ്പെടുത്തി റിപ്പോർട്ടർ ചാനൽ സംപ്രേക്ഷണം ചെയ്ത വാർത്തക്കെതിരെയാണ് ഡബ്ല്യൂസിസിയുടെ കടുത്ത പ്രതിഷേധം.

Advertisement
Advertisement