'വർഷങ്ങളായി തിരുവോണസദ്യ പുറത്തു നിന്നാണ്'; അതിന് ഒരു കാരണമുണ്ടെന്ന് നടൻ കൃഷ്ണകുമാറും കുടുംബവും
ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറും കുടുംബവും മലയാളിക്കൾക്കിടയിൽ വളരെ പ്രിയമേറിയവരാണ്. നടിയായ അഹാനയുൾപ്പടെ നാല് പെൺമക്കളാണ് കൃഷ്ണകുമാറിന് ഉള്ളത്. നാല് പേരും സോഷ്യൽ മീഡിയയിൽ സജീവരാണ്. അടുത്തിടെയാണ് ദിയ കൃഷ്ണയുടെ വിവാഹം നടന്നത്. തിരുനെൽവേലി സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജീനിയർ അശ്വിൻ ഗണേശാണ് ദിയയുടെ ഭർത്താവ്.
ദിയയുടെ വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ ഓണമായിരുന്നു ഇത്. തിരുവോണത്തിന് കുടുംബത്തോടൊപ്പം തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വന്ന് ആഹാരം കഴിക്കുന്ന കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും വീഡിയോയും ചിത്രങ്ങളും വെെറലായിരുന്നു. വർഷങ്ങളായി തങ്ങളുടെ തിരുവോണ സദ്യ ഈ ഹോട്ടലിൽ നിന്നാണ് എന്നാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. അതിന്റെ കാരണം കൃഷ്ണകുമാർ തന്നെ വെളിപ്പെടുത്തിയിരുന്നു.
' കുടുംബത്തിലെ സ്ത്രീകളാണ് എല്ലാ കാര്യത്തിലും ഇടപഴകുന്നത്. പാത്രം കഴുക്കുന്നത്, ആഹാരം വയ്ക്കുന്നത്. പണ്ട് കൂട്ടുകുടുംബമായിരുന്നു. അതിനാൽ അത് ഓക്കെയായിരുന്നു. എന്നാലിന്ന് അണുകുടുംബമായ ശേഷം കുടുംബത്തിലെ സ്ത്രീകൾക്ക് അത് ഒരു വലിയ തലവേദനയാണ്. അവർക്ക് ഒന്ന് സമാധാനമായി ഇരിക്കാനും റിലാക്സ് ചെയ്യാനും പറ്റില്ല. പുറത്തുനിന്ന് ആകുമ്പോൾ അവർക്കും സമാധാനം ഉണ്ടാകും. കൊണ്ട് വരുന്ന നമുക്കും സമാധാനം ഉണ്ടാകും', - കൃഷ്ണകുമാർ വ്യക്തമാക്കി. തിരുവോണ ദിവസം വളരെ റിലാക്സ്ഡ് ആയി ഓണം ആഘോഷിക്കാനായാണ് ഇങ്ങനെ ചെയ്യുന്നതെന്നും സിന്ധുവും കൂട്ടിച്ചേർത്തു.