മലപ്പുറം വീണ്ടും നിപ ഭീതിയിൽ

Tuesday 17 September 2024 1:34 AM IST

മലപ്പുറത്ത് വണ്ടൂരിൽ ഇരുപത്തിമൂന്നുകാരന്റെ മരണം നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ സംസ്ഥാനം ഒരിക്കൽക്കൂടി മാരകമായ ഈ രോഗഭീതിയിൽ ആശങ്കപ്പെടേണ്ടിവന്നിരിക്കുന്നു. ബംഗളൂരുവിൽ ഉപരിപഠനം നടത്തിക്കൊണ്ടിരുന്ന യുവാവ് കാലിനേറ്റ പരിക്കിനെത്തുടർന്നാണ് നാട്ടിലെത്തിയത്. തുടർന്ന് കടുത്ത പനി ബാധിതനായി ആശുപത്രിയിലായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനകളിലാണ് നിപ രോഗം ബാധിച്ചതായി സൂചന ലഭിച്ചത്. ഇതിനിടെ മരണവും സംഭവിച്ചു. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ തുടർ പരിശോധനയിൽ രോഗം പൂർണമായും സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിലെ ഏതാനും വാർഡുകളിൽ കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. ആളുകൾ കൂട്ടം കൂടുന്നതിനും പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്.

സംസ്ഥാനത്ത് ഇത് ആറാം തവണയാണ് നിപ രോഗഭീഷണി ഉണ്ടാകുന്നത്. രണ്ടുമാസം മുൻപ് മലപ്പുറത്തെ പാണ്ടിക്കാട്ട് പതിനാലുകാരൻ മരിച്ചത് നിപ രോഗത്തെത്തുടർന്നാണെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പ് കൈക്കൊണ്ട അതികർക്കശമായ മുൻകരുതൽ നടപടികൾ കൊണ്ടാകാം,​ രോഗം കൂടുതൽ പേരിലേക്കു പകർന്നില്ല. അന്നു കൈക്കൊണ്ട സുരക്ഷാ നടപടികൾ ആവർത്തിക്കേണ്ടി വന്നിരിക്കുകയാണ്. രോഗത്തിന്റെ ഭീഷണിയെക്കുറിച്ച് ജനങ്ങൾക്കു നല്ല ബോദ്ധ്യമുള്ളതിനാൽ ജനസഹകരണത്തോടെ ഇക്കുറിയും നിപ ഭീഷണിയെ തടഞ്ഞുനിറുത്താനാകും. എന്നിരുന്നാലും ആരോഗ്യവകുപ്പിന്റെ ശുഷ്‌കാന്തിക്ക് ഒരു കുറവും ഉണ്ടാകാൻ പാടില്ല.

രണ്ടുമാസം മുൻപ് നിപ മരണമുണ്ടായ സ്ഥലത്തുനിന്നു പത്തുകിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ നിപ ബാധയുണ്ടായിരിക്കുന്നത്. രോഗം എവിടെവച്ചാണ് പിടികൂടിയതെന്നു വ്യക്തമല്ല. സംശയിക്കപ്പെടുന്ന ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്ന എല്ലാവരെയും ഐസൊലേഷൻ വാർഡിലാക്കി നിരീക്ഷിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.

ആദ്യ നിപ ബാധയിൽ ഇരുപതോളം പേരാണ് മരണപ്പെട്ടതെങ്കിൽ തുടർന്നുള്ള രോഗപ്പകർച്ച കർശനമായി തടയാനായി. അതുകൊണ്ടുതന്നെ കൂടുതൽ ജീവഹാനി ഉണ്ടായില്ല. വവ്വാലുകളാണ് നിപ രോഗം പടർത്തുന്നതെന്ന് വിദഗ്ദ്ധന്മാർ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ പാകത്തിൽ ഗവേഷണ ഫലങ്ങളൊന്നും മുന്നിലില്ല. രോഗബാധ ഉണ്ടാകുമ്പോൾ ശാസ്‌ത്രജ്ഞ സംഘം ഓടിനടന്ന് വവ്വാലുള്ള കേന്ദ്രങ്ങളിൽ പരിശോധനകളും പഠനങ്ങളും നടത്താറുണ്ട്. രോഗം ശമിച്ചെന്ന റിപ്പോർട്ട് വരുമ്പോൾ തുടർ പ്രവർത്തനങ്ങളും നിലയ്ക്കും. ഇതിനുമുമ്പ് അഞ്ചുവട്ടം നിപ രോഗമുണ്ടായിട്ടും ദേശീയ നിലവാരത്തിലുള്ള വൈറോളജി ലാബ് ഇവിടെ സ്ഥാപിക്കാനായിട്ടില്ല. സാമ്പിൾ ഇപ്പോഴും പൂനെയിലെ ലാബിലയച്ചു വേണം അവസാന സ്ഥിരീകരണം നടത്താൻ!

തിരുവനന്തപുരത്ത് തോന്നയ്ക്കലിൽ രാജ്യത്തെ ഏറ്റവും മുന്തിയ വൈറോളജി ലാബിന്റെ ഉദയം പ്രതീക്ഷിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മലപ്പുറത്ത് വീണ്ടും നിപ തലപൊക്കിയ പശ്ചാത്തലത്തിൽ ഇതേപ്പറ്റിയെല്ലാം വീണ്ടും ചർച്ചയുണ്ടാകും. രോഗഭീതി ഒഴിയുന്നതോടെ എല്ലാം ആറിത്തണുക്കുകയും ചെയ്യും.

നിപയെത്തുടർന്നു മരണമടഞ്ഞ ഇരുപത്തിമൂന്നുകാരനുമായി സമ്പർക്കമുണ്ടായിരുന്ന മുഴുവൻ പേരെയും കണ്ടെത്തിയാലേ രോഗവ്യാപനം എത്രത്തോളം വരുമെന്ന് തിട്ടപ്പെടുത്താനാവൂ. അതിനുള്ള ശ്രമം ആരോഗ്യവകുപ്പ് അധികൃതർ തുടങ്ങിയിട്ടുണ്ട്. സംശയമുള്ളവരെല്ലാം സ്വമേധയാ മുന്നോട്ടുവന്ന് വിവരങ്ങൾ കൈമാറിയാൽ ആരോഗ്യവകുപ്പിന്റെ ക്ളേശം അത്രകണ്ടു കുറയും. ജനസഹകരണം കൊണ്ടു മാത്രമേ ഇത്തരത്തിലുള്ള മഹാരോഗങ്ങളെ വരുതിയിലാക്കാനാവൂ.