തിരുവോണനാളിൽ തലസ്ഥാനത്ത് 5 വാഹനാപകടം, 7 മരണം
തിരുവനന്തപുരം: വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരണപ്പെട്ടതുൾപ്പെടെ, തിരുവോണനാളിൽ തലസ്ഥാനത്ത് നടന്ന അഞ്ച് വാഹനാപകടങ്ങളിലായി ഏഴ് പേർ മരിച്ചു.വർക്കലയിലെ അപകടത്തിന് പുറമെ മംഗലപുരം ശാസ്തവട്ടത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഒരാളും ബൈപാസിൽ കുളത്തൂർ ഇൻഫോസിസിനു സമീപം രണ്ട് വാഹനാപകടങ്ങളിലായി വഴിയാത്രക്കാരിയടക്കം രണ്ടുപേരും നെയ്യാറ്റിൻകര വഴുതൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്.
വർക്കലയിലെ അപകടത്തിൽ ഇടവ വെൺകുളം തൊട്ടുമുഖം വലിയവിള അംബേദ്കർ നഗർ അപർണാഭവനിൽ അനിൽകുമാർ-ഉഷ ദമ്പതികളുടെ മകൻ ആദിത്യൻ (18),മങ്ങാട്ട് ചരുവിള രഞ്ജിദാസ് ഭവനത്തിൽ ദാസിന്റെയും കുമാരിയുടെയും മകൻ ആനന്ദ്ദാസ് (19),വർക്കല മുണ്ടയിൽ തോപ്പുവിള വീട്ടിൽ മോൻസിയുടെയും ധനുജ ബാബുവിന്റെയും മകൻ ജിഷ്ണുമോൻസി (19) എന്നിവരാണ് മരിച്ചത്.എതിർദിശയിൽ അമിത വേഗതയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു.
മംഗലപുരം ശാസ്തവട്ടത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് ഒരാൾ മരിച്ചു. മംഗലപുരം ശാസ്തവട്ടം ഇമ്മാനുവൽ ഭവനിൽ സക്കായിയുടെയും സാറാമ്മയുടെയും മകൻ സിജുവാണ് (43) മരിച്ചത്. വൈകിട്ട് 5നായിരുന്നു അപകടം. സിജുവിനെ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ദൂരേക്ക് തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജിനും ഗുരുതര പരിക്കുണ്ട്. തങ്കച്ചിയാണ് സിജുവിന്റെ ഭാര്യ.മക്കൾ: സാനിയ,സജിൻ.
ബൈപാസിൽ കുളത്തൂർ ഇൻഫോസിസിന് സമീപത്ത് റോഡ് മുറിച്ചു കടക്കവെ കാറിടിച്ചാണ് ഇൻഫോസിന് സമീപത്തെ ഹോട്ടലിലെ ഷെഫായ വെട്ടുകാട് ബാലനഗർ ടി.സി 32/707 ൽ ബേബി ആന്റണി (45) മരിച്ചത്. ഇന്നലെ പുലർച്ചെ 2ഓടെയായിരുന്നു അപകടം.ജോലി ചെയ്യുന്ന ഹോട്ടലിൽ നിന്നിറങ്ങി ഇവർ താമസിക്കുന്ന റൂമിലേക്ക് പോകുമ്പോഴാണ് സർവീസ് റോഡ് വഴി വന്ന കാർ ഇടിച്ചത്.108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: ഇഗ്നേഷ്യസ് ഫെർണാണ്ടസ്. മക്കൾ: ഇനോഷ് ഫെർണ്ടാണ്ടസ്,ഫിനോഷ് ഫെർണാണ്ടസ്.മൃതദേഹം വെട്ടുകാട് പള്ളിയിൽ സംസ്കരിച്ചു.
ഇൻഫോസിസിന് മുന്നിൽ ബൈക്ക് ഡിവൈഡറിലെ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പൗണ്ടുകടവ് വലിയവേളി പുത്തൻവീട്ടിൽ പരേതനായ ത്യാഗരാജന്റെയും ശ്രീലതയുടെയും മകൻ അനുരാജാണ് (27) മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേർക്കും പരിക്കേറ്റു.പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 2ഓടെ കുളത്തൂർ കോലത്തുകര ശ്മശാനത്തിൽ സംസ്കരിച്ചു. അവിവാഹിതനാണ്.സഹോദരൻ പരേതനായ ശ്രീക്കുട്ടൻ.
നെയ്യാറ്റിൻകര വഴുതൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. കളത്തുവിള ജലജ മന്ദിരത്തിൽ ഷൈൻ (41) ആണ് മരിച്ചത്. പെരുമ്പഴുതൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാറും നെയ്യാറ്റിൻകരയിൽ നിന്ന് തൊഴുക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്.ഷൈൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ശാലി, മകൻ: കിച്ചു.