32 ലിറ്റർ വ്യാജചാരായവുമായി അച്ഛനും മകനും പിടിയിൽ

Tuesday 17 September 2024 12:54 AM IST
വാടകവീട്ടിൽ ചാരായനിർമ്മാണം നടത്തിയ കേസിൽ പിടിയിലായ രാധാകൃഷ്ണൻപിള്ളയെയും മകൻ രാധേഷ് കൃഷ്ണനെയും പൊലീസ് വ്യാജചാരായവുമായി പിടികൂടിയപ്പോൾ

കൊല്ലം: വാടകവീട്ടിൽ വിൽപ്പനയ്ക്കായി നിർമ്മിച്ച വ്യാജചാരായവുമായി പ്രതികൾ പിടിയിൽ. ചവറ, ഇടയിലേഴത്ത് വീട്ടിൽ രാധാകൃഷ്ണൻപിള്ളയും (72), മകൻ രാധേഷ് കൃഷ്ണനു(38) മാണ് ചവറ പൊലീസിന്റെ പിടിയിലായത്. ചവറ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, തിരുവോണദിവസം രാവിലെ പ്രതികൾ താമസിച്ചിരുന്ന പുതുക്കാട്ടിലുള്ള വാടകവീട്ടിലെ മുറിയിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 32 ലിറ്റർ വ്യാജചാരായവും ഇത് നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കണ്ടെത്തുകയും തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ചവറ ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഓമനകുട്ടൻ, പ്രദീപ്, എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒമാരായ മനീഷ്, ശ്യാം, ശങ്കർ, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.