അഴിമതിക്കാരൻ ഉദ്യോഗസ്ഥനെവിടെ, മഷിയിട്ടു നോക്കിയിട്ടും കാണാനില്ലെന്നു പൊലീസ്!

Tuesday 17 September 2024 2:22 AM IST

കോട്ടയം നഗരസഭ ജീവനക്കാരുടെ കോടികൾ വരുന്ന പെൻഷൻ തുക ഒരുന്നത ഉദ്യോഗസ്ഥൻ അടിച്ചു മാറ്റിയിട്ട് ഒരു മാസത്തിലേറെയായി. പ്രതിപക്ഷവും ഭരണപക്ഷവും മത്സരിച്ചു പ്രതിഷേധസമരം നടത്തിയിട്ടും പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ മക്ഷിയിട്ടു നോക്കിയിട്ടും കാണാനില്ലെന്നാണ് പൊലീസ് പറയുന്നത്. കേസ് ലോക്കൽ പൊലീസിൽ നിന്ന് ക്രൈം ബ്രാഞ്ചിന്റെ കൈയ്യിലാണിപ്പോൾ. നഗരസഭാ ഓഫീസ് കയറിയിറങ്ങിരേഖകൾ തപ്പിയുള്ള അന്വേഷണം നടക്കുമ്പോഴും പ്രതിയെ കണ്ടെത്താൻ കഴിയുന്നില്ലത്രേ . മുൻകൂർ ജാമ്യത്തിന്ന് ശ്രമിക്കുന്ന പ്രതിയെ സംരക്ഷിക്കുന്നത് പരൽ മീനുകളോ അതോ സ്രാവോ എന്നാണ് ചുറ്റുവട്ടത്തുള്ളവരുടെ ചോദ്യം.

അഖിൽ വർഗീസെന്ന ഉദ്യോഗസ്ഥൻ നഗരസഭയിൽ നിന്ന് എത്ര കോടി അടിച്ചുമാറ്റിയെന്നു ചോദിച്ചാൽ കൃത്യമായ ഉത്തരം പറയാനാവാതെ കൈ മലർത്തുകയാണ് ബന്ധപ്പെട്ടവർ ഇപ്പോഴും. പെൻഷൻ ഫണ്ട് അടിച്ചു മാറ്റിയതിന്റെ മറവിൽ സി.പി.എം ചെയർപേഴ്സണെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയെങ്കിലും ബി.ജെ.പി പിന്തുണയ്ക്കാത്തതിനാൽ പ്രമേയം ചർച്ചയ്ക്കെടുക്കാനായില്ല. ഭരണമുന്നണിയിലും രണ്ടു തട്ടിലാണ് കൗൺസിലർമാർ. അന്വേഷണം ഇ.ഡിക്ക് വിടണമെന്നാണ് വൈസ് ചെയർമാൻ അഭിപ്രായപ്പെട്ടത്. നഗരസഭയിലെ 200 ഓളം ശുചീകരണ തൊഴിലാളികൾക്കുള്ള ഓണം അഡ്വാൻസ് ഒപ്പിടാതെ നഗരസഭ സെക്രട്ടറി മുങ്ങിയത് ഓണത്തിനിടയിലെ പൂട്ടുകച്ചവടംപോല മറ്റൊരു വിഷയമായി. ഐ.എൻ.ടി.യു.സി വിഭാഗം ശുചീകരണത്തൊഴിലാളികൾ കുത്തിയിരിപ്പു സമരവും നടത്തി. നഗരഭരണം കൈയാളുന്ന ചെയർപേഴ്സനെ തങ്ങളുടെ നേതാക്കൾ മൈക്കിലൂടെ ചീത്തവിളിക്കുന്നതുകേട്ട് നരകസഭ ഭരിക്കുന്നത് ആരാണെന്ന കൺഫ്യൂഷനിലാണ് നാട്ടുകാരിപ്പോൾ !