സുഭദ്രയുടെ കൊലപാതകം: കസ്റ്റഡി അപേക്ഷ നാളെ
ആലപ്പുഴ: സുഭദ്ര കൊലക്കേസിൽ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും. സുഭദ്രയെ കഴുത്തുമുറുക്കി കൊലപ്പെടുത്താനുപയോഗിച്ച ഷാളും മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടെത്താനാണ് റിമാൻഡിലുള്ള ശർമ്മിള (52), ഭർത്താവ് മാത്യൂസ് (35) മാത്യൂസിന്റെ ബന്ധു റെയ്നോൾഡ്(50) എന്നിവരെ ഒരാഴ്ചത്തെ കസ്റ്റഡിയിൽ വാങ്ങുന്നത്. കടവന്ത്ര സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തി കുഴിച്ചുമൂടിയ കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിലും ആഭരണങ്ങൾ വിറ്റ ജുവലറികളിലും ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ശർമ്മിളയ്ക്കും മാത്യൂസിനും ആഡംബര ജീവിതത്തിനും മദ്യപാനത്തിനും പണം കണ്ടെത്താനായി മൂവരും ചേർന്ന് പദ്ധതി തയാറാക്കി, സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ജീവനെടുത്തത് ഭീഷണി
കൊലപാതകത്തിന് രണ്ടാഴ്ച മുമ്പ് ബാറിലുണ്ടായ അടിപിടിയിൽ മാത്യൂസിന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. ഇത് കാരണം ജോലിക്ക് പോകാൻ കഴിയാതെ വിശ്രമത്തിലായിരുന്ന മാത്യുവിനും ഭാര്യയ്ക്കും മദ്യപിക്കാൻ പണത്തിനുവേണ്ടിയാണ് സുഭദ്രയുടെ ആഭരണങ്ങൾ കവർച്ച ചെയ്യാൻ തീരുമാനിച്ചത്.ആഗസ്റ്റ് 4 മുതലുള്ള വിവിധ ദിവസങ്ങളിലായി ഉറക്കഗുളിക നൽകി ബോധം കെടുത്തി സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. 7ന് രാവിലെ സ്വർണാഭരണങ്ങൾ കാണാതായത് തിരിച്ചറിഞ്ഞ സുഭദ്ര അവ തിരികെ തരണമെന്നും പൊലീസിൽ പരാതിപ്പെടുമെന്നും ഭീഷണിപ്പെടുത്തിയതോടെ കഴുത്ത് ഞെരിച്ചും നെഞ്ചിൽ ചവിട്ടി നിന്നും ശ്വാസം മുട്ടിച്ചും വാരിയെല്ല് ഒടിച്ചും കൊലപ്പെടുത്തിയത്. തുടർന്ന് മാലിന്യം കുഴിച്ചുമൂടാൻ എന്ന പേരിൽ മറ്റൊരാളെ കൊണ്ട് കുഴിയെടുപ്പിച്ച് മൃതദേഹം മറവ് ചെയ്തു. സുഭദ്രയെ കാണാനില്ലെന്ന് മകൻ കടവന്ത്ര പൊലീസിൽ നൽകിയ പരാതിയിൽ മണ്ണഞ്ചേരി പൊലീസിന്റെ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞതും അറസ്റ്റിലേക്ക് നീങ്ങിയതും.