വിളക്ക് കത്തിക്കുകയായിരുന്ന വീട്ടമ്മയെ തട്ടിമാറ്റി അജ്‌മൽ അകത്തുകയറി, പിന്നാലെ ശ്രീക്കുട്ടിയും; വീട്ടിലെ പലതും നശിപ്പിച്ചെന്ന് ഉടമ

Tuesday 17 September 2024 11:22 AM IST

കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ പ്രതികളായ അജ്‌മലിനെയും ഡോ. ശ്രീക്കുട്ടിയേയും നൂറോളം പ്രദേശവാസികൾ പിന്തുടർന്നാണ് പിടികൂടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബൈക്കിൽ പിന്തുടർന്നെത്തിയ നാട്ടുകാർ കാർ വട്ടമിട്ട് തടഞ്ഞ് അജ്‌മലിനെയും ശ്രീക്കുട്ടിയേയും പുറത്തേക്ക് വലിച്ചെറക്കുകയായിരുന്നു. മർദ്ദനം ഏറ്റതോടെ അജ്‌മൽ അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറി. പ്രാണരക്ഷാർത്ഥം ശ്രീക്കുട്ടിയും പിന്നാലെ ഓടുകയായിരുന്നു.

കസവ് മുണ്ടും ക്രീം കളർ ഷർട്ടുമായിരുന്നു അജ്‌മലിന്റെ വേഷം. മെറൂൺ സാരിയാണ് ശ്രീക്കുട്ടി ധരിച്ചിരുന്നത്. ഇവർ ഓടിക്കയറിയ വീട്ടിലെ വീട്ടമ്മ പുറത്ത് വിളക്ക് കൊളുത്താനുള്ള ഒരുക്കത്തിലായിരുന്നു. എന്തെങ്കിലും പറയുന്നതിന് മുമ്പ് ഇവരുടെ കൈ തട്ടി മാറ്റിയാണ് അജ്‌മൽ വീടിനുള്ളിലേക്ക് കടന്നത്. വീട്ടിലെ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ ഇവർ നശിപ്പിച്ചെന്നാണ് വീട്ടുടസ്ഥൻ പറയുന്നത്. നാട്ടുകാർ പിറകെയുണ്ടെന്ന് അറിഞ്ഞതോടെ അജ്‌മൽ അടുക്കള വാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ പുലർച്ചെ ശൂരനാട് പതാരത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്ന് അജ്മലിനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവോണനാളിലായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരിയുടെ ശരീരത്തിലൂടെ മദ്യലഹരിയിലായിരുന്ന അജ്‌മൽ നാട്ടുകാരുടെ മുന്നറിയിപ്പും നിലവിളികളും അവഗണിച്ച് വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തുകയായിരുന്നു. മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുംവിള നൗഷാദിന്റെ ഭാര്യ കുഞ്ഞുമോളാണ് (45) ദാരുണമായി മരിച്ചത്.

ഹ്യുണ്ടായ് ഇയോൺ കാർ ഓടിച്ചിരുന്ന, ചന്ദനമരക്കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണൽ പുന്തല തെക്കതിൽ വീട്ടിൽ മുഹമ്മദ് അജ്മൽ (27), ഒപ്പമുണ്ടായിരുന്ന നെയ്യാറ്റിൻകര വഴുതൂർ അനുപമ ഹൗസിൽ ഡോ. ശ്രീക്കുട്ടി (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവോണ ദിവസം വൈകിട്ട് 5.47ന് മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷനിലായിരുന്നു അപകടം. നബിദിനം പ്രമാണിച്ച് ഭർത്തൃസഹോദരന്റെ ഭാര്യയായ ഫൗസിയയ്ക്കൊപ്പം ആനൂർക്കാവിലെ വസ്ത്രശാലയിൽ നിന്ന് പുതുവസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുഞ്ഞുമോൾ. സ്കൂട്ടറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ശാസ്താംകോട്ട ഭാഗത്തുനിന്ന് പാഞ്ഞുവന്ന കാർ സ്കൂട്ട‌ർ ഇടിച്ചുവീഴ്ത്തി.

റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞുമോൾ ഇടിച്ചിട്ട കാറിന്റെ മുൻ ചക്രത്തിനു മുന്നിൽപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവർ ഉച്ചത്തിൽ ബഹളം വച്ചെങ്കിലും അജ്മൽ കാർ പിന്നോട്ടെടുത്തശേഷം അമിത വേഗത്തിൽ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയശേഷം നിറുത്താതെ പോവുകയായിരുന്നു.

കാർ ആദ്യം രണ്ടു തവണ മുന്നോട്ടെടുത്തെങ്കിലും കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയില്ല. നിമിഷനേരത്തിനുള്ളിൽ മൂന്നാമത് വീണ്ടും പിന്നോട്ടെടുത്ത് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി ചീറിപ്പായുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ കുഞ്ഞുമോളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ കണ്ടെത്തി.

Advertisement
Advertisement