പിറന്നാളിൽ ചേരി സന്ദർശിച്ച് മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 74-ാം പിറന്നാൾ സമുചിതമായി ആഘോഷിച്ച് ബി.ജെ.പി.
മൂന്നാം മോദി സർക്കാർ 100 ദിനം പൂർത്തിയാക്കിയ ദിനം തന്നെ പിറന്നാളും വന്നതിന്റെ ത്രില്ലിലായിരുന്നു പ്രവർത്തകർ. ജന്മദിനത്തിൽ മോദി ഭുവനേശ്വറിൽ 26 ലക്ഷം പ്രധാനമന്ത്രി ആവാസ് വീടുകൾ ഉദ്ഘാടനം ചെയ്‌തു. ഭുവനേശ്വർ സൈനിക് സ്കൂളിന് സമീപത്തെ ഗഡകാന ചേരിയിൽ ജനങ്ങളുമായി സംവദിച്ചു.
രാഷ്‌ട്രപതി ദ്രൗപദി മുർമു, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, ആംആദ്‌മി നേതാവ് അരവിന്ദ് കേജ്‌രിവാൾ, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ആസ്ട്രേലിയൻ ഹൈക്കമ്മിഷണർ ഫിലിപ്പ് ഗ്രീൻ, റഷ്യൻ അംബാസഡർ ഡെനിസ് അലിപ്പോവ് തുടങ്ങിയവർ ആശംസ നേർന്നു.