അക്ഷരങ്ങളിൽ അഗ്‌നി ജ്വലിപ്പിച്ച പത്രാധിപർ

Wednesday 18 September 2024 1:00 AM IST

ഈ രാജ്യത്ത് ധാരാളം പത്രങ്ങളും പത്രാധിപന്മാരും ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ അത്ഭുതമില്ല. അത് പ്രകൃതിയിലെ സാധാരണ സംഭവം മാത്രം. പക്ഷേ, സമൂഹത്തിന്റെ സ്പന്ദനങ്ങൾക്കൊത്ത് ജീവിക്കുകയും, ജീവിച്ചിരുന്നുവെന്ന് രേഖയുണ്ടാക്കുകയും, ഒരു പടത്തലവനെപ്പോലെ പാവപ്പെട്ട സമുദായങ്ങളുടെ മുന്നണിയിൽ നിന്നുകൊണ്ട്, അരക്കിട്ടുറപ്പിച്ച പല ചട്ടങ്ങളും മാറ്റി എഴുതിക്കുവാൻ സ്വന്തം തൂലിക ചലിപ്പിക്കുകയും ചെയ്ത അജയ്യനായ ഒരേയൊരു പത്രാധിപരേ നമുക്കുണ്ടായിരുന്നുള്ളൂ. അതാണ് പത്രാധിപർ എന്ന അപരനാമധേയത്തിലറിയപ്പെടുന്ന കേരളകൗമുദി പത്രാധിപർ കെ. സുകുമാരൻ. പത്രപ്രവർത്തനത്തെ ഒരു കലയായി കരുതാമെങ്കിൽ ആ കലയൂടെ വല്ലഭൻ തന്നെയായിരുന്നു അദ്ദേഹം. സാരസ്വത ശക്തി ആവാഹിച്ചെടുത്തതായിരുന്നു അദ്ദേഹത്തിന്റെ തൂലിക. അതിൽനിന്ന് ഈറിയിങ്ങിയ പത്രാധിപക്കുറിപ്പുകൾ എത്രയെത്ര കൊടുങ്കാറ്റുകളാണ് നമ്മുടെ രാജ്യത്ത് ഇളക്കിവിട്ടിട്ടുള്ളത്! ആ കൊടുങ്കാറ്റുകളിൽപ്പെട്ട് എത്രയ്രെത വൻമരങ്ങളാണ് വേരറ്റു വീണിട്ടുള്ളത്! കേ​ര​ള​ത്തി​ൽ​ ​ഇ​ള​കി​മ​റി​ഞ്ഞ​ ​എ​ല്ലാ​വി​ധ​ ​സാ​മൂ​ഹി​ക​ ​രാ​ഷ്ട്രീയ​ ​സം​ഭ​വ​പ​ര​മ്പ​ര​ക​ളു​ടെ​യും​ ​സി​രാ​കേ​ന്ദ്ര​മാ​യി​ ​വ​ർ​ത്തി​ച്ച​ ​ഒ​രു​ ​അ​തി​കാ​യ​നാ​യി​രു​ന്നു​ ​പ​ത്രാ​ധി​പ​ർ. യഥാർത്ഥ മാദ്ധ്യമ ധർമ്മത്തിന്റെ സന്ദേശവാഹകൻ. വസ്തുനിഷ്ഠമായി വാർത്തകളെ സമീപിക്കുകയും അപകീർത്തികരമായ വാർത്തകൾ ഒഴിവാക്കുകയും ചെയ്ത അദ്ദേഹം സ്വന്തം നിലപാടുകളോട് എന്നും സത്യസന്ധത പുലർത്തി. ശുദ്ധവും കരുത്തുറ്റതുമായ പത്രഭാഷ മലയാളത്തിനു നല്കിയ സി.വി. കുഞ്ഞുരാമന്റെ പിൻഗാമിയെന്ന നിലയിലാണ് കെ. സുകുമാരൻ കേരളകൗമുദി പത്രാധിപരാകുന്നത്. 1911ൽ കൊല്ലം മയ്യനാട് നിന്ന് വാരികയായി പ്രസിദ്ധീകരണം തുടങ്ങിയ കേരളകൗമുദിയെ ദിനപത്രമാക്കി തലസ്ഥാന നഗരിയിലേക്ക് പറിച്ചുനട്ടത് പത്രാധിപരാണ്. സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഏക മലയാള പത്രമെന്ന നിലയിൽ അക്കാലത്ത് കേരളത്തിന്റെ ഔദ്യോഗിക ഗസറ്റായാണ് കേരളകൗമുദിയ വായനക്കാർ ഏറ്റുവാങ്ങിയത്. പത്രപ്രവർത്തനം ആദായകരമായ ബിസിനസായി മാറിയിട്ടില്ലാത്ത കാലത്ത് സർക്കാർ ഉദ്യോഗം വലിച്ചെറിഞ്ഞ് ജീവിതസുരക്ഷിതത്വമില്ലാത്ത ആ പാതസ്വീകരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം കേരളീയ സമൂഹത്തിന്റെ വിശേഷിച്ച് പിന്നാക്ക ജനവിഭാഗങ്ങളുടെ മഹാഭാഗ്യമായി വിലയിരുത്താം. തിരുവനന്തപുരം സയൻസ് കോളേജിൽ നിന്ന് (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) ബി.എ പാസായശേഷം പൊലീസ് കമ്മിഷണർ ഓഫീസിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച കെ. സുകുമാരൻ അക്കാലത്തെ സർവ്വീസ് ചട്ടങ്ങളനുസരിച്ച് സബ് ഇൻസ്‌പെക്ടറാകാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു. അതിനായി അപേക്ഷിക്കുകയും ചെയ്തു. എന്നാൽ, എല്ലാ അർഹതയും യോഗ്യതയും ഉണ്ടായിരുന്നെങ്കിലും എന്തോ കാരണത്താൽ അദ്ദേഹത്തിന്റെ അപേക്ഷ സർക്കാർ നിരസിക്കുകയാണ് ചെയ്തത്. അഭിമാനിയായ സുകുമാരൻ അതോടെ ഉദ്യോഗം രാജിവച്ച് പിതാവ് സി.വി. കുഞ്ഞുരാമന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന കേരളകൗമുദിയിൽ പത്രപ്രവർത്തകനായി ചേർന്നു. 1940ന്റെ തുടക്കത്തിൽ, ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന ദിനപത്രമായി കേരളകൗമുദിയെ അദ്ദേഹം അവരോധിച്ചു. 'ഒരുജാതി, ഒരുമതം, ഒരുദൈവം' എന്ന ശ്രീനാരായണഗുരുവിന്റെ വിശ്വമാനവ ദർശനം കേരളകൗമുദിയുടേയും മുഖമുദ്ര‌യായി അദ്ദേഹം സാംശീകരിച്ചു.