യുവതിയെ വീട്ടിലെത്തി ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
Wednesday 18 September 2024 1:51 AM IST
കോതമംഗലം: വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. കടവൂർ ചാത്തമറ്റം പാറേപ്പടി ഭാഗത്ത് കാക്കുന്നേൽവീട്ടിൽ റെജിയെയാണ് (47) പോത്താനിക്കാട് പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ 9ന് രാത്രി പതിനൊന്നോടെയാണ് സംഭവം. യുവതി കുടുംബമായി താമസിക്കുന്ന വീട്ടിലെത്തിയ പ്രതി കന്നാസിൽ കരുതിയിരുന്ന ആസിഡ് ജനലിലൂടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് യുവതിയുടെ മുഖത്തും, ശരീരത്തിലും പൊള്ളലേറ്റു. തുടർന്ന് 15ന് വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി. അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ കെ. ബ്രിജുകുമാർ, എസ്.ഐ മാരായ റോജി ജോർജ്, വി.സി. സജി, എസ്.സി.പി.ഒ ലിജേഷ്, സി.പി.ഒ സുമോദ് എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.