ആശുപത്രിയിൽ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തിയ സ്ത്രീ അറസ്റ്റിൽ
വൈപ്പിൻ: ഞാറക്കൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായി. ഓച്ചന്തുരുത്ത് ബ്ളായിത്തറവീട്ടിൽ ബിനു ഫ്രഡിയെയാണ് (52) ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ പത്താംതീയതി ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡോക്ടറോട് ആക്രോശിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് പരാതി. ബഹളം കേട്ടെത്തിയ ആശുപത്രി ജീവനക്കാരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതിക്ക് എറണാകുളം സെൻട്രൽ, തോപ്പുംപടി എന്നീ സ്റ്റേഷനുകളിൽ പത്തോളം കേസുകൾ നിലവിലുണ്ട്. ഞാറയ്ക്കൽ ഇൻസ്‌പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഷാഹിർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ റെജി തങ്കപ്പൻ, സിവിൽ പോലീസ് ഓഫീസർമാരായ ആന്റണി ഫ്രഡി, ഉധീഷ് മോൻ, ശാലിനി എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.