തെന്നിന്ത്യൻ നടി എ ശകുന്തള അന്തരിച്ചു

Wednesday 18 September 2024 7:49 AM IST

ചെന്നൈ: തെന്നിന്ത്യൻ നടിയും നർത്തകിയുമായ എ. ശകുന്തള (84)​ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെ വൈകിട്ട് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

 

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 600ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുപ്പിവള, കൊച്ചിൻ എക്‌സ്‌പ്രസ്, നിലപൊന്മാൻ, തച്ചോളി അമ്പു, ആവേശം എന്നിവയാണ് മലയാളത്തിൽ അഭിനയിച്ച സിനിമകൾ.

1960കളിൽ പിന്നണി നർത്തകിയായാണ് സിനിമാപ്രവേശം. 1998വരെ സിനിമകളിൽ സജീവമായിരുന്നു. 1998ൽ പുറത്തിറങ്ങിയ പൊൻമാനൈ ആണ് അവസാന സിനിമ. 2019വരെ തമിഴ് പരമ്പരകളിലും സജീവമായിരുന്നു. 1970ൽ പുറത്തിറങ്ങിയ സിഐഡി ശങ്കറാണ് ആദ്യ ശ്രദ്ധേയ ചിത്രം. ഇതിനുശേഷം സിഐഡി ശകുന്തള എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.