മൂവായിരം മുടക്കി കോടികൾ കൊയ്യുന്ന 'ബിസിനസ്' കേരളത്തിൽ വ്യാപിക്കുന്നു
കോട്ടയം : ബംഗളൂരു ബസിൽ നിന്ന് 67 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടിയ സംഭവത്തിൽ എരുമേലി സ്വദേശിയായ ഡ്യൂട്ടിപെയ്ഡ് ഷോപ്പ് ഉടമ അബ്ദുൾ ഷുക്കൂറിന്റെ അന്യസംസ്ഥാന മാഫിയാ ബന്ധം അന്വേഷിക്കുന്നു. ഓണം പ്രമാണിച്ചുള്ള ലഹരിക്കടത്ത് തടയാനുള്ള എക്‌സൈസ് പരിശോധനയ്ക്കിടെ അപ്രതീക്ഷിതമായാണ് കണക്കില്ലാത്ത ലക്ഷങ്ങളുടെ നോട്ടുകെട്ടുകൾ പിടികൂടിയത്. അറസ്റ്റിലായ മുകേഷ് മണിയെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. നാട്ടിൽ പണം വെളുപ്പിച്ച് കൊടുക്കുന്ന സംഘവുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനോടകം കോടികളുടെ കള്ളപ്പണം ബസിലൂടെ കടത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം. ഇയാളുടെ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. പണം കോടതിയിൽ കൈമാറി. ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾക്കും വിവരം കൈമാറിയിട്ടുണ്ട്.
പൊലീസ് കണ്ടെത്തൽ
വിദേശത്തുനിന്നുള്ള കള്ളപ്പണം ബംഗളൂരുവിൽ നിന്ന് എരുമേലിക്ക്
ബംഗളൂരുവിലെ ഫോറിൻ എക്സചേഞ്ച് സ്ഥാപനങ്ങൾക്ക് ബന്ധം
എരുമേലിയിലെ ഡ്യൂട്ടിപെയ്ഡ് സ്ഥാപനത്തിന്റെ മറവിൽ വെളുപ്പിക്കും
പരിശോധന കുറവായതിനാൽ അന്തർസംസ്ഥാന ബസ് തിരഞ്ഞെടുക്കുന്നു
ഇ.ഡി ഏറ്റെടുത്തേക്കും
ജില്ലയിൽ ഈ മാസം മാത്രം ഒന്നരക്കോടിക്ക് മുകളിൽ കള്ളപ്പണം പിടികൂടി. ഈ സാഹചര്യത്തിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്, റവന്യൂ ഇന്റലിജൻസ് തുടങ്ങിയ കേന്ദ്ര ഏജൻസികളും വിഷയം ഗൗരവമായാണ് കാണുന്നത്. കള്ളനോട്ടു മാഫിയ ബന്ധവും അന്വേഷിക്കുന്നുണ്ട്.
'' അന്തർസംസ്ഥാന ബസ് വഴി മുൻപും കള്ളപ്പണമെത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. പിടികൂടിയ പണത്തിൽ കള്ളനോട്ടുകളുണ്ടോയെന്നും പരിശോധിക്കുന്നു
'' ഷാഹുൽ ഹമീദ്, ജില്ലാ പൊലീസ് മേധാവി.