ആരെയും ഉപദ്രവിക്കാത്ത നിരപരാധിയാണ് എന്റെ മോള്, പിന്നിൽ ഗൂഡാലോചനയെന്ന് ശ്രീക്കുട്ടിയുടെ അമ്മ

Wednesday 18 September 2024 3:28 PM IST

കൊല്ലം: മൈനാഗപ്പള്ളി കൊലപാതകത്തിൽ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ പിന്തുണച്ച് അമ്മ സുരഭി. ശ്രീക്കുട്ടി നിരപരാധിയാണെന്നും, ആരെയും ഉപദ്രവിക്കാത്ത പ്രകൃതമാണെന്നും സുരഭി പ്രതികരിച്ചു. ഇപ്പോഴത്തെ സംഭവങ്ങൾക്ക് പിന്നിൽ അജ്‌മലും ശ്രീക്കുട്ടിയുടെ ആദ്യഭർത്താവായ സോണിയുമാണെന്ന് സുരഭി ആരോപിച്ചു.

''ആ കുട്ടി നിരപരാധിയാണ്. അവൾ അങ്ങനെ ആരേയും ഉപദ്രവിക്കില്ല, ആരുടേയും വണ്ടിയിൽ കയറില്ല. മോളുടെ ആഭരണങ്ങളെല്ലാം അവൻ ഊരിയെടുത്തിരിക്കുകയാണ്. മയക്കുമരുന്ന് വല്ലതും കൊടുത്ത് പാകപ്പെടുത്തി എടുത്തോയെന്ന് സംശയമുണ്ട്. അവൾക്കുണ്ടായിരുന്ന രണ്ട് വണ്ടിയും അവൻ അപഹരിച്ചുകൊണ്ടുപോയി. ഇതിന് പിന്നിൽ ശ്രീക്കുട്ടിയുടെ ആദ്യ ഭർത്താവായിരുന്ന സോണി എന്ന പറയുന്നയാളുണ്ട്. എന്റെ കൊച്ചിനെ അകത്താക്കാൻ വേണ്ടി സോണിയും അജ്‌മലും ചേർന്ന് നടത്തിയ ഗൂഡാലോചനയാണിത്'.''- സുരഭി പറഞ്ഞു.

കേസിൽ പ്രതികളെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കും. കേസിലെ ഒന്നാം പ്രതി അജ്മൽ കൊല്ലം ജില്ലാ ജയിലിലും രണ്ടാംപ്രതി ഡോക്ടർ ശ്രീക്കുട്ടി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ്.

കേസിൽ അപകടം ഉണ്ടാക്കിയ കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്. അപകടശേഷം ഓൺലൈൻ വഴി കാറിന്റെ ഇൻഷുറൻസ് പുതുക്കുകയായിരുന്നു. ഈ മാസം 15ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ഇൻഷുറൻസ് പുതുക്കിയതാകട്ടെ 16ന്. ഒന്നാം പ്രതി അജ്മലിന്റെ സുഹൃത്തിന്റെ അമ്മയുടെ പേരിലാണ് വാഹനം.