ചെരിപ്പ് അഴിച്ചുവയ്‌ക്കാൻ പറഞ്ഞത് ഇഷ്‌ടപ്പെട്ടില്ല; ഡോക്‌ടറെ ക്രൂരമായി മർദിച്ച് രോഗിയുടെ ബന്ധുക്കൾ, വീഡിയോ

Wednesday 18 September 2024 4:54 PM IST

അഹമ്മദാബാദ്: രോഗിയുടെ ബന്ധുക്കൾ ഡോക്‌ടറെ സംഘം ചേർന്ന് മർദിച്ചു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. രോഗിക്കൊപ്പം അത്യാഹിത വിഭാഗത്തിലെ മുറിയിലെത്തിയവരോട് ചെരുപ്പ് പുറത്ത് അഴിച്ചുവയ്‌ക്കാൻ ഡോക്‌ടർ ആവശ്യപ്പെട്ടതാണ് മർദനത്തിന് കാരണം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആശുപത്രിയിൽ ഡോക്‌ടറായ ജയ്‌ദീപ് സിംഗ് ഗോഹിലിനെയാണ് രോഗിയായ സ്‌ത്രീക്കൊപ്പം എത്തിയ ബന്ധുക്കൾ മർദിച്ചത്. തലയ്‌ക്ക് പരിക്കേറ്റാണ് സ്‌ത്രീയെ ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെത്തിച്ച് ചികിത്സ നൽകുന്നതിനിടെ ഡോക്‌ടർ മുറിയിലേക്കെത്തി. തുടർന്ന് സ്‌ത്രീക്കൊപ്പം വന്ന യുവാവിനോട് ചെരിപ്പ് പുറത്ത് അഴിച്ചുവയ്‌ക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവ് ഡോക്‌ടറെ ആക്രമിക്കുകയായായിരുന്നു. കൂടെയുണ്ടായിരുന്നവരും മർദിക്കാൻ ഒപ്പംചേർന്നു.

ചികിത്സയിലിരുന്ന സ്‌ത്രീ കട്ടിലിൽ നിന്നും എഴുന്നേറ്റുവന്ന് ഇവരെ തടയുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിൽ ആശുപത്രിയിലെ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഹിരേൻ ദാംഗർ, ഭാവ്ദീപ് ദാംഗര്‍, കൗഷിക് കുവാഡിയ എന്നിവരാണ് അറസ്റ്റിലായത്.