കോടിയിലേക്ക് കിഷ്‌കിന്ധാ, 50 കോടി കവർന്ന് അജയൻ

Thursday 19 September 2024 6:00 PM IST

ഇടയ്ക്ക് ഒന്ന് കാലിടറിയെങ്കിലും മലയാളത്തിന്റെ ബോക്സാഫീസിൽ വീണ്ടും കോടി കിലുക്കം. ഒാണം റിലീസായി എത്തിയ കിഷ്‌കിന്ധാ കാണ്ഡവും അജയന്റെ രണ്ടാം മോഷണവും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അഞ്ചുദിവസം കൊണ്ട് 50 കോടിയാണ് ടൊവിനോ തോമസ് നായകനായ എ ആർ എം നേടിയത്.

അഞ്ചുദിവസം കൊണ്ട് ഏഴ് കോടിയാണ് കേരള ബോക്സാഫീസിൽ നിന്ന് കിഷ്‌കിന്ധാകാണ്ഡം നേടിയത്. ആദ്യദിനം നേടിയത് 45 ലക്ഷവും. പത്തുകോടിയിലേക്ക് വൈകാതെ കിഷ്‌കിന്ധാ കാണ്ഡം എത്തുമെന്നാണ് വിലയിരുത്തൽ. ആസിഫ് അലിയുടെ കരിയറിൽ ഏറ്റവുംവലിയ ബ്ളോക് ബസ്റ്ററായി കിഷ്‌കിന്ധാ കാണ്ഡം മാറുന്നു. ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവരുടെ മികച്ച പ്രകടനമാണ് ദിനജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിന്റെ ഹൈലൈറ്റ്. ബാഹുൽ രമേശിന്റെ ശക്തമായ തിരക്കഥ ചിത്രത്തിന്റെ സവിശേഷതയാണ്.

അതേസമയം സിനിമാജീവിതത്തിൽ ഏറ്റവും വലിയ വിജയചരിത്രം രചിക്കുകയാണ് എആർഎമ്മിലൂടെ ടൊവിനോ തോമസ്.
വിദേശരാജ്യങ്ങളിലും ഗംഭീര കളക്ഷനാണ് ലഭിക്കുന്നത്'. ഏറെ നാളുകൾക്കുശേഷം മലയാളി പ്രേക്ഷകർക്ക് ലഭിച്ച 3ഡി ചിത്രമെന്ന നിലയിൽ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ വരവേറ്റത് .നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാരായി എത്തുന്നത്. സുജിത് നമ്പ്യാരാണ് രചന.ഛായാഗ്രഹണം ജോമോൻ ടി ജോൺ,
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജി എം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം നിർമ്മിക്കുന്നത്.വാർത്താപ്രചാരണം - ബ്രിങ്ഫോർത്ത് മീഡിയ