അതിഷിയുടെ സത്യപ്രതിജ്ഞ ശനിയാഴ്‌ച നടന്നേക്കും
ലെഫ്. ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകി
ന്യൂഡൽഹി : ഡൽഹി വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി നേതാവുമായ അതിഷി ശനിയാഴ്‌ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുമെന്ന് സൂചന. അതിഷിയെ സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിക്കുന്നതിന് മുന്നോടിയായി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന, രാഷ്ട്രപതി ദ്രൗപദി മുർമുവിന് ശുപാർശ കൈമാറി. ശനിയാഴ്ച സത്യപ്രതിജ്ഞ നടത്താമെന്നാണ് രാഷ്ട്രപതിയെ അറിയിച്ചിരിക്കുന്നത്. മദ്യനയക്കേസിൽ ആരോപണം നേരിടുന്ന പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ രാജിവച്ചതിനെ തുടർന്നാണ് അതിഷി പദവിയിലെത്തുന്നത്. കേജ്‌രിവാളിന്റെ രാജിക്കത്തും ലെഫ്. ഗവർണർ രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്‌ക്ക് ആം ആദ്മി പാർട്ടി പ്രത്യേക തീയതി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.
പുതുമുഖങ്ങൾ
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ മന്ത്രിസഭയിൽ വലിയ അഴിച്ചുപണിയുണ്ടായേക്കില്ല. സിറ്റിംഗ് മന്ത്രിമാർ തുടർന്നേക്കും. രണ്ടു പുതുമുഖങ്ങൾ മന്ത്രിസഭയിലെത്തിയേക്കും. ആം ആദ്മി വിട്ട മുൻ സാമൂഹ്യക്ഷേമ മന്ത്രി രാജ്കുമാർ ആനന്ദിന് പകരം എം.എൽ.എമാരായ വിശേഷ് രവി, കുൽദീപ് കുമാർ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിൽ. അതിഷി മുഖ്യമന്ത്രിയാകുന്നതോടെ ഉണ്ടാകുന്ന മന്ത്രിയുടെ ഒഴിവിലേക്ക് ജർണൈൽ സിംഗ്,ദുർഗേഷ് പതക്,സോംനാഥ് ഭാർതി,സഞ്ജീവ് ഝാ എന്നിവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട്.
കേജ്‌രിവാൾ വസതി ഒഴിയും
മുഖ്യമന്ത്രിയുടെ സിവിൽ ലൈൻസിലെ ഔദ്യോഗിക വസതി കേജ്‌രിവാൾ ഒരാഴ്ചയ്‌ക്കകം ഒഴിയും. കേജ്‌രിവാളിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് സഞ്ജയ് സിംഗ് എം.പി പറഞ്ഞു. ദൈവം തന്നെ രക്ഷിച്ചുകൊള്ളുമെന്ന നിലപാടാണ് അദ്ദേഹത്തിനെന്നും കൂട്ടിച്ചേർത്തു. കേജ്‌രിവാളിന്റേത് രാജിനാടകമെന്ന് ബി.ജെ.പി പരിഹസിച്ചു.