ഹരിയാനയിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക

Thursday 19 September 2024 1:03 AM IST

ന്യൂഡൽഹി : ഹരിയാനയിൽ അധികാരത്തിലെത്തിയാൽ കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം കൊണ്ടുവരും,​ ജാതി സെൻസസ് നടത്തും തുടങ്ങിയ വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക. ഇന്നലെ ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്രീമിലെയർ പരിധി 10 ലക്ഷമാക്കി ഉയർത്തും. കുടുംബങ്ങളുടെ അഭിവൃദ്ധിയ്‌ക്ക് 300 യൂണിറ്ര് സൗജന്യ വൈദ്യുതിയും,​ 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയുമാണ് വാഗ്ദാനങ്ങൾ. സ്ത്രീ ശാക്തീകരണത്തിന് 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ,​ 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും മാസം 2000 രൂപ. യുവജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ,​ ഒഴിഞ്ഞുകിടക്കുന്ന 2 ലക്ഷം തസ്‌തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. പാവപ്പെട്ടവർക്ക് മൂന്നരലക്ഷം രൂപയുടെ രണ്ടുമുറി വീട് നിർമ്മിച്ചു നൽകും. സാമൂഹ്യസുരക്ഷ ശക്തിപ്പെടുത്താൻ ഓൾഡ് ഏജ് പെൻഷൻ 6000 രൂപയാക്കും. സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്‌തു.

കഴിഞ്ഞ പത്തുവർഷം കൊണ്ട് ഹരിയാനയെ ബി.ജെ.പി തകർത്തുവെന്ന് ഖാർഗെ ആരോപിച്ചു. ഹരിയാനയെ കോൺഗ്രസ് വീണ്ടെടുക്കും. ഒക്ടോബർ അഞ്ചിനാണ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.