ആണവ പരീക്ഷണം, ആർട്ടിക് ദ്വീപ് സജ്ജമാക്കി റഷ്യ

Thursday 19 September 2024 7:23 AM IST

മോസ്കോ : യുക്രെയിനുമായി സംഘർഷം രൂക്ഷമാകുന്നതിനിടെ ആർട്ടിക് മേഖലയിൽ ഏത് നിമിഷവും ആണവ പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് റഷ്യ എന്ന് റിപ്പോർട്ട്. ഒരു ബ്രിട്ടീഷ് മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്. ആർട്ടിക്കിലെ സോവിയറ്റ് കാലഘട്ട പരീക്ഷണ കേന്ദ്രം പൂർണ സജ്ജമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉത്തരവ് ലഭിച്ചാലുടൻ അണുബോംബ് സ്ഫോടനം നടത്താൻ ഇവിടം തയ്യാറാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ലാബുകൾ പരീക്ഷണങ്ങൾ പൂർണ്ണതോതിൽ തുടങ്ങാൻ സജ്ജമായെന്ന് ആർട്ടിക്കിലെ നൊവായ സെംലിയ ദ്വീപിലെ പരീക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടർ റിയർ അഡ്‌മിറൽ ആൻഡ്രേ സിനിറ്റ്‌സൈൻ ഒരു റഷ്യൻ മാദ്ധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.

വിദേശ രാജ്യങ്ങൾ ആർട്ടിക്കിൽ റഷ്യ നടത്തുന്ന നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യൻ നിർമ്മിച്ച ഏറ്റവും ശക്തമായ അണുബോംബായ 'സാർ ബോംബ"യുടേത് അടക്കം സോവിയറ്റ് യൂണിയൻ 200ലേറെ ആണവായുധ പരീക്ഷണങ്ങൾ നടത്തിയ ഇടമാണ് നൊവായ സെംലിയ.

1961 ഒക്ടോബർ 30ന് ആർട്ടിക് സമുദ്രത്തിലെ ജനവാസമില്ലാത്ത നൊവായ സെംലിയ ദ്വീപിലുണ്ടായ സാർ ബോംബ പരീക്ഷണം ഭൂമിയിൽ മനുഷ്യൻ വരുത്തിവച്ച ഏറ്റവും വിനാശകരമായ സ്ഫോടനമാണ്. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച ന്യൂക്ലിയർ ബോംബിനേക്കാൾ 1,500 മടങ്ങ് ശക്തമായ മാരക ബോംബ് ആയിരുന്നു അത്.

57 മെഗാടൺ ബോംബായ സാർ ബോംബ പൊട്ടിത്തെറിച്ചതിന്റെ ഫലമായി കൂണിന്റെ ആകൃതിയിൽ 100 കിലോമീറ്ററോളം പ്രദേശത്ത് പുകമേഘങ്ങൾ ഉയർന്നുപൊങ്ങി. 64 കിലോമീറ്റർ ഉയരത്തിലായിരുന്നു അത്. ആയിരം കിലോമീറ്ററുകൾക്കപ്പുറം വരെ പൊട്ടിത്തെറിയുടെ പ്രകമ്പനം രേഖപ്പെടുത്തി.

100 മെഗാടൺ ശേഷിയായിരുന്നു സാർ ബോംബയ്ക്ക് ആദ്യം. പരീക്ഷണ സമയത്ത് ഇത് 50 മെഗാടണ്ണായി കുറച്ചു. പ്രത്യേക ഫ്യൂഷൻ പ്രക്രിയയിലൂടെ സാർ ബോംബയുടെ അണുപ്രസരണ ശേഷിയും കുറച്ചു. എന്നിട്ടും രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ മനുഷ്യനിർമ്മിത സ്ഫോടനമായിരുന്നു അത്. അതേ സമയം, പിന്നീടൊരിക്കലും സാർ ബോംബയെ ഉപയോഗിച്ചിട്ടില്ല.

സാർ ബോംബയെ പോലൊരു അണുബോംബ് പുട്ടിന്റെ മനസിലുണ്ടെന്നാണ് സംസാരം. നിലവിൽ ആണവ സ്വഭാവമില്ലാത്ത ആയുധങ്ങളുടെ പരീക്ഷണങ്ങൾ നൊവായ സെംലിയയിൽ നടക്കുന്നുണ്ട്. 1990 ഒക്ടോബർ മുതൽ ഇവിടെ ആണവ പരീക്ഷണങ്ങൾ നടക്കുന്നില്ല. യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഭീഷണി കണക്കിലെടുത്ത് ആണവ പരീക്ഷണത്തിനുള്ള നിരോധനം നീക്കണമെന്നും പരീക്ഷണങ്ങൾ പുനരാരംഭിക്കണമെന്നും ചില റഷ്യൻ നേതാക്കൾ പുട്ടിനോട് ആവശ്യപ്പെടുന്നുണ്ട്.