അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ നീതി ഉറപ്പാക്കും, സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം
കൊച്ചി: അമിത ജോലിഭാരം കാരണം പൂനെയിൽ 26കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. ഏണസ്റ്റ് ആൻഡ് യംഗ് (ഇവൈ) കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റും കൊച്ചി സ്വദേശിനിയുമായ അന്ന സെബാസ്റ്റ്യനാണ് കഴിഞ്ഞ ജൂലായിൽ മരിച്ചത്. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ശോഭാ കരന്തലജെ എക്സിലൂടെ അറിയിച്ചു. മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരിന്റെ എക്സ് പ്ലാറ്റ് ഫോമിലെ കുറിപ്പ് പങ്കുവെച്ചായിരുന്നു തൊഴിൽ മന്ത്രിയുടെ പ്രതികരണം.
സംഭവിച്ചത് ദുഃഖകരമായ കാര്യമാണെന്നും ഇത് അസ്വസ്ഥപ്പെടുത്തുന്നുവെന്നും രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
അന്നയുടെ മരണവുമായി ബന്ധപ്പെട്ട് മാതാവായ അനിത അഗസ്റ്റിൻ ഇവൈയുടെ ചെയർമാനായ രാജീവ് മേമനിക്ക് എഴുതിയ കത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. മകൾ മരിച്ചത് ജോലിഭാരം കാരണമാണെന്നും മകളുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ കമ്പനിയിൽ നിന്നും ഒരു ജീവനക്കാരൻ പോലും എത്തിയില്ലെന്നാണ് മാതാവ് കത്തിൽ പരാമർശിച്ചിരുന്നത്. അതേസമയം, ജോലിഭാരം കാരണം അന്നയ്ക്ക് ഉറങ്ങാനോ ഭക്ഷണം കൃത്യമായി കഴിക്കാനോ സാധിച്ചിരുന്നില്ലെന്ന് അച്ഛൻ സിബി ജോസഫും ആരോപിച്ചു.
അതേസമയം, അന്നയുടെ മരണവുമായി ബന്ധപ്പെട്ട് ഇവൈയും ഒരു പ്രസ്താവന പുറത്തിറക്കുകയുണ്ടായി. ജീവനക്കാരിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്നും കത്ത് അതീവ ഗൗരവത്തോടെ പരിഗണിക്കുമെന്നുമാണ് പ്രസ്താവനയിൽ പറയുന്നുണ്ട്.