സരസ്വതിയെ സംശയം, കൊലയ്ക്കുശേഷം മൂത്തമരുമകളെ വിളിച്ചുപറഞ്ഞ് സ്റ്റേഷനിലേക്ക്; കൊല്ലത്തേത് ക്രൂരകൊലപാതകം

Thursday 19 September 2024 3:47 PM IST

കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത് സംശയത്തെ തുടർന്നെന്ന് പൊലീസ്. പളളിക്കൽ സ്വദേശി സരസ്വതി അമ്മയാണ് (50) കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ഭർത്താവ് സുരേന്ദ്രൻ പിളള (65) ഓട്ടോറിക്ഷയിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാൾ മൂത്ത മരുമകളെ ഫോൺ വിളിച്ച് അറിയിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്.പ്രതി സരസ്വതി അമ്മയുടെ കഴുത്തിൽ ചരട് മുറുക്കിയ ശേഷം വെട്ടുകത്തിയുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അതേസമയം, സുരേന്ദ്രൻ പിളളയ്ക്ക് സംശയ രോഗമുണ്ടായിരുന്നവെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാൾ ദിവസവും മദ്യപിച്ച് വീട്ടിലെത്തി സരസ്വതി അമ്മയെ ഉപദ്രവിച്ചിരുന്നു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് പ്രതി മുൻപും ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. രണ്ടുപേരും തയ്യൽ തൊഴിലാളികളാണ്.

ഒരു സ്ത്രീയും ഭർത്താവിനെ ഇതുപോലെ സ്‌നേഹിക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. 'സരസ്വതി അമ്മയുടെ ജീവൻ പോകുന്നത് അയാൾ ആസ്വദിച്ച് കണ്ടുനിന്ന് കാണും. അത്ര ക്രൂരനാണ്. അയാൾക്ക് യാതൊരു തരത്തിലുളള മാനസികരോഗവുമില്ല. ബന്ധുക്കളായും നാട്ടുകാരുമായും സഹകരിക്കാൻ അയാൾ സമ്മതിക്കില്ല. കാരണം അവരെ നിരന്തരം മർദ്ദിക്കുന്ന വിവരം പുറത്തുവന്നാല്ലോ. ആരും വീട്ടിലേക്ക് വരുന്നതോ വിളിക്കുന്നതോ അയാൾക്ക് ഇഷ്ടമില്ല. വീടിന് ചു​റ്റും കറങ്ങിനടന്ന് ആരെങ്കിലും വരുന്നുണ്ടോയെന്ന് അന്വേഷിക്കുന്നതാണ് പതിവ്. ഇപ്പോഴും അവർക്ക് ജീവനുണ്ടായിരുന്നെങ്കിൽ ഭർത്താവല്ല ചെയ്‌തെന്നെ പറയുളളൂ. അത്രയും സ്‌നേഹമായിരുന്നു'- ബന്ധുക്കൾ പറയുന്നു.