സാമൂഹിക ദ്രോഹികളുടെ താവളമായി റെയിൽവേ പടിഞ്ഞാറെ കവാടം

Saturday 21 September 2024 12:26 AM IST

തൃശൂർ: റെയിൽവേ സ്‌റ്റേഷന്റെ രണ്ടാം പ്രവേശന കവാടപരിസരം സാമൂഹിക വിരുദ്ധരുടെ സ്ഥിരം താവളം. കൊലപാതകങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്നത് നിരവധി ക്രിമിനൽ സംഭവങ്ങൾ. ഇന്നലെ രാവിലെ അന്നമനട കല്ലൂർ സ്വദേശിയെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം.

അന്നമനട കല്ലൂർ കാഞ്ഞിരപ്പറമ്പിൽ മജീദിന്റെ മകൻ ഷംജാദിനെ(45) ആണ് മരിച്ച നിലയിൽ കണ്ടത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഒരു വർഷത്തിനിടെ നാല് കൊലപാതകങ്ങളാണ് ഇവിടെ നടന്നത്. പിടിച്ചുപറിയും വ്യാപകമാണ്. കൂടാതെ രണ്ട് കുട്ടികളെ കൊന്ന് ബാഗിനുള്ളിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിരുന്നു. ഒരു കേസിൽ മാത്രമാണ് പ്രതിയെ പിടികൂടാനായത്.

എതാനുംനാൾ മുമ്പാണ് തൃശൂർ റെയിൽവേ സ്‌റ്റേഷനിലെ ഒന്നും രണ്ടും പാളത്തിന് മുകളിലെ മേൽപ്പാലത്തിൽ കുഞ്ഞിനെ കൊന്ന നിലയിൽ ബാഗിൽ കണ്ടെത്തിയത്. ഈ കേസിലെ പ്രതികളെക്കുറിച്ച് യാതൊരു തെളിവും കിട്ടിയിട്ടില്ല.

മോഷണം പെരുകുന്നു
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നാലോളം ബൈക്കുകളാണ് പ്രദേശത്ത് മോഷണം പോയത്. മലപ്പുറത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. നിറുത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്നതും പതിവ്. ദൂരദിക്കുകളിൽ ജോലിയുള്ളവർ ദിവസങ്ങളോളം വാഹനങ്ങൾ പാർക്ക് ചെയ്ത് പോകാറുണ്ട്. തിരിച്ചുവന്ന് വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുന്നതിനിടെ വഴിയിൽ കുടുങ്ങും. ലഹരി വിൽപ്പനയും വ്യാപകമാണ്.

സമൂഹ വിരുദ്ധർക്ക് മറയാൻ ഇടങ്ങളേറെ

റെയിൽവേയുടെ പുതിയ മതിൽക്കെട്ടിനകത്തും ട്രാക്കിനും മദ്ധ്യേയായി സമൂഹ വിരുദ്ധർക്ക് ഒളിയാൻ താവളം ഏറെയുണ്ട്. ടിക്കറ്റ് കൗണ്ടറും വാഹനപാർക്കിംഗിന്റെ ഷെഡും ഉള്ളതിനാൽ അധികമാർക്കും കാണാനാകില്ല. രണ്ടാം കവാടത്തിനടുത്ത് നിന്നും ഈ സ്ഥലത്തേക്ക് കടക്കാൻ ചെറിയ വിടവും മതിലിലുണ്ട്. രണ്ടാം കവാടത്തിന് സമീപത്ത് നിന്നും കോർപറേഷൻ ഓവർബ്രിഡ്ജിന് സമീപം വരെ മീറ്ററുകളോളം നീളത്തിൽ കിടക്കുകയാണ് ഈ സമൂഹ വിരുദ്ധരുടെ താവളം. രാത്രികാലങ്ങളിൽ പൊലീസ് റോന്ത് ചുറ്റാറുണ്ടെങ്കിലും ഇവിടേക്ക് ശ്രദ്ധ പതിയാറില്ല.