കേജ്‌രിവാളിന് നന്ദി: ചുമതലയേറ്റ് അതിഷി

Sunday 22 September 2024 1:24 AM IST

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി അതിഷി ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. തന്നെ വിശ്വസിക്കുകയും സുപ്രധാന ഉത്തരവാദിത്വം ഏൽപ്പിക്കുകയും ചെയ്‌ത അരവിന്ദ് കേജ്‌രിവാളിന് നന്ദിയെന്ന്, മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റ ശേഷം അതിഷി പ്രതികരിച്ചു. ഡൽഹി രാജ്നിവാസിൽ വൈകിട്ട് 4.34ന് നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു അതിഷിയുടെ സത്യപ്രതിജ്ഞ. ചടങ്ങിനെത്തിയ ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിൽ നിന്ന് അതിഷി അനുഗ്രഹം തേടി. സത്യപ്രതിജ്ഞയ്‌ക്ക് മുൻപ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിലെ ഏറ്രവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് അതിഷി. മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയും. മദ്യനയക്കേസിൽ ആരോപണം നേരിടുന്ന കേജ്‌രിവാൾ രാജിവച്ചതിനെ തുടർന്നാണ് അതിഷി പദവിയിലെത്തിയത്. അതേസമയം, ആം ആദ്മി പാർട്ടി ഡൽഹിയിൽ ഇന്ന് സംഘടിപ്പിക്കുന്ന 'ജനകീയ കോടതി" മഹാറാലിയെ കേജ്‌രിവാൾ അഭിസംബോധന ചെയ്യും.

 ആറംഗ മന്ത്രിസഭ

അതിഷിക്ക് പിന്നാലെ സൗരഭ് ഭരദ്വാജ്,​ ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്ലാവത് എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. ഇതിൽ മുകേഷ് അഹ്ലാവത് പുതുമുഖമാണ്. മറ്റുള്ളവർ കേജ്‌രിവാൾ സർക്കാരിലും മന്ത്രിമാരായിരുന്നു.

 13 വകുപ്പുകൾ

ധനകാര്യം, റവന്യൂ, പൊതുമരാമത്ത്, വൈദ്യുതി, വിദ്യാഭ്യാസം ഉൾപ്പെടെ 13 പ്രധാന വകുപ്പുകൾ അതിഷി കൈകാര്യം ചെയ്യും. സൗരഭ് ഭരദ്വാജിന് ആരോഗ്യവകുപ്പ് വീണ്ടും നൽകി. ഗോപാൽ റായിക്ക് പരിസ്ഥിതി, പൊതുഭരണം. കൈലാഷ് ഗെലോട്ട് - ഗതാഗതം. ഇമ്രാൻ ഹുസൈൻ - ഭക്ഷ്യ സിവിൽ സപ്ലൈസ്.

കേജ്‌രിവാളിപ്പോൾ ഡൽഹി മുഖ്യമന്ത്രിയല്ല എന്നതിൽ വേദനയുണ്ട്.
പത്തുവർഷം കൊണ്ട് ഡൽഹിയുടെ മുഖച്ഛായ മാറ്റിയത് അദ്ദേഹമാണ്.

- അതിഷി

Advertisement
Advertisement