മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചു; കൊച്ചി പീഡനക്കേസിലെ ഇരയായ ബംഗ്ലാദേശുകാരി അറസ്റ്റിൽ

Saturday 21 September 2024 11:31 PM IST

കൊച്ചി: കൊച്ചി എളമക്കരയിലെ ലൈംഗിക പീഡനക്കേസിൽ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും അറസ്റ്റിൽ. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് യുവതിയേയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുപതുകാരിയെ പൊലീസ് റിമാൻഡ് ചെയ്തു. യുവതിയെ പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് കണ്ണികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സെറീന, ജഗത, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസിൽ കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്.

അടുത്തിടെ പ്രവർത്തനം ആരംഭിക്കുന്ന സ്പായിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ബംഗ്ലാദേശുകാരിയെ ജഗത കൊച്ചിയിലെത്തിച്ചത്. പത്ത് ദിവസം മുമ്പ് കൊച്ചിയിലേക്ക് കൊണ്ടുവന്ന യുവതി പിന്നീട് ഇരയാകേണ്ടി വന്നത് കൊടിയ ചൂഷണത്തിനാണ്. ഒരുദിവസം നിരവധിപ്പേർക്ക് ഇവരെ ജഗത കാഴ്ചവച്ചതായാണ് പൊലീസിന് ലഭിച്ചവിവരം. ബംഗ്ലാദേശുകാരിയെ പണം കൊടുത്ത് വാങ്ങിയതല്ലെന്നാണ് ജഗതയുടെ മൊഴി.

വാട്സ്ആപ്പിൽ യുവതിയുടെ ചിത്രം പ്രചരിപ്പിച്ചാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. അറസ്റ്രിലായ വിപിന് ജെഗിതയുമായി സൗഹൃദമുണ്ട്. രണ്ടുതവണ ഇടപ്പള്ളിയിലെ വാടകവീട്ടിൽ പോയിട്ടുണ്ടെന്നും യുവതി ദുരിതങ്ങൾ തുറന്നുപറഞ്ഞതോടെ ഇവരെ രക്ഷപ്പെടുത്തി കൊണ്ടുപോയതാണെന്നുമാണ് ഇയാളുടെ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. വിപിന്റെ മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാൾക്ക് നഗരത്തിലെ മറ്റ് മാംസക്കച്ചവട റാക്കറ്റുകളുമായി ബന്ധമുണ്ടെന്നാണ് സൂചന. കേസിൽ പൊലീസ് അന്വേഷിക്കുന്ന മൂന്ന് യുവതികളിൽ ഒരാൾ 22കാരിയുടെ ബന്ധുവാണെന്നാണ് സൂചന.