'തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നു, അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു'; ഇനി ഷിരൂരിലേക്കില്ലെന്ന് മൽപെ

Sunday 22 September 2024 3:42 PM IST

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ അവസാനിപ്പിക്കുകയാണെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ. പൊലീസും ഭരണകൂടവും സഹകരിക്കാത്തതിനാലാണ് തെരച്ചിൽ അവസാനിപ്പിക്കുന്നതെന്ന് മൽപെ പറഞ്ഞു.

വെള്ളത്തിൽ മുങ്ങിയുള്ള തെരച്ചിലിന് അനുമതി നൽകാത്തതിനെത്തുടർന്നാണ് മൽപെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേയ്ക്ക് വരില്ല. ഉടുപ്പിയിലേയ്ക്ക് മടങ്ങുകയാണ്. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുകയാണ്. അധികം ഹീറോ ആകേണ്ടന്നാണ് അവർ പറയുന്നത്. വിവരങ്ങൾ ആരോടും പറയരുതെന്നും പറഞ്ഞു. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ മടങ്ങിവരൂവെന്നും മൽപെ പറഞ്ഞു.

വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവച്ചതാണ് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. നദിക്കടിയിൽ നിന്ന് ലോറി കിട്ടുമെന്നാണ് കരുതുന്നത്. അർജുന്റെ കുടുംബത്തിന് വാക്ക് നൽകിയിരുന്നു. പക്ഷേ മടങ്ങുന്നു. അധികൃതരോട് വഴക്ക് കൂടി തുടരാൻ വയ്യെന്നും മൽപെ കൂട്ടിച്ചേർത്തു.

കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്‌ജർ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. ഇത്തരത്തിൽ മണ്ണുനീക്കി പരിശോധന നടത്തുമ്പോൾ സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നിലപാട്. ഡ്രഡ്‌ജർ എത്തിച്ച കമ്പനി ഒരു ഡൈവറെയും ഷിരൂരിൽ എത്തിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ മാത്രം ഉപയോഗിച്ച് തെരച്ചിൽ നടത്തിയാൽ മതിയെന്ന നിർദേശത്തെ തുടർന്നാണ് മൽപെ മടങ്ങിയത്. ഷിരൂർ ജില്ലാ ഭരണകൂടവും മൽപെയും തമ്മിൽ നേരത്തെയും അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നിരുന്നു.