ഖുറേഷി അബ്രാം വീണ്ടും ഗുജറാത്തിൽ

Monday 23 September 2024 6:00 AM IST

ഇന്ന് ചിത്രീകരണം പുനരാരംഭിക്കും

മോഹൻലാൽ -പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ തുടർ ചിത്രീകരണം ഇന്ന് ഗുജറാത്തിലെ രാജ് ഘോട്ടിൽ പുനരാരംഭിക്കും. മോഹൻലാൽ ഇന്ന് ജോയിൻ ചെയ്യും. കാലാവസ്ഥ മോശമായതിനെതുടർന്ന് നിറുത്തിവച്ച എമ്പുരാന്റെ ചിത്രീകരണമാണ് പുനരാരംഭിക്കുന്നത്. ഗുജറാത്ത് ഷെഡ്യൂൾ പൂർത്തിയാക്കിയശേഷം അബുദാബിയിലും ദുബായിലും ചിത്രീകരണമുണ്ട്. ഏതാനും ദിവസത്തെ ബ്രേക്കിനുശേഷമേ അടുത്ത ഷെഡ്യൂൾ ആരംഭിക്കൂ. തിരുവനന്തപുരത്ത് ഏതാനും ദിവസത്തെ ചിത്രീകരണം കൂടി ഉണ്ടാവും. നവംബറിൽ എമ്പുരാന്റെ ചിത്രീകരണം പൂർത്തിയാക്കാനാണ് പൃഥ്വിരാജിന്റെ തീരുമാനം.

എമ്പുരാൻ പൂർത്തിയാക്കിയശേഷം വിലായത്ത് ബുദ്ധയുടെ തുടർചിത്രീകരണത്തിൽ പൃഥ്വിരാജ് ജോയിൻ ചെയ്യും. മറയൂരിൽ വിലായത്ത് ബുദ്ധയുടെ ഫൈറ്റ് രംഗങ്ങൾ ചിത്രീകരിക്കുമ്പോഴാണ് അപകടത്തിൽ പൃഥ്വിരാജിന്റെ കാലിന് പരിക്കേൽക്കുകയും ചിത്രീകരണം നിറുത്തിവയ്ക്കുകയും ചെയ്തത്. വിലായത്ത് ബുദ്ധയിൽ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെ പൃഥ്വിരാജിന് അഭിനയിക്കേണ്ടതുണ്ട്. അതേസമയം മാർച്ച് 28ന് എമ്പുരാൻ റിലീസ് ചെയ്യാനാണ് തീരുമാനം. മലയാളത്തിന് പുറമേ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദർശനത്തിന് എത്തുന്ന എമ്പുരാന് മുരളി ഗോപി രചന നിർവഹിക്കന്നു. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. ദീപക് ദേവാണ് സംഗീത സംവിധാനം.ഗുജറാത്ത് ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യും. സത്യൻ അന്തിക്കാട്, അനൂപ് സത്യൻ എന്നിവരുടെ ചിത്രങ്ങളാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്.