തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടി പാതയിൽ സ്‌ഫോടക വസ്‌തുക്കൾ; ഒരാൾ കസ്റ്റഡിയിൽ

Monday 23 September 2024 3:47 PM IST

ന്യൂഡൽഹി: തിരുവനന്തപുരത്തേക്ക് സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി പാതയിൽ സ്‌ഫോടക വസ്‌തുക്കൾ വച്ച ഒരാൾ പിടിയിൽ. മദ്ധ്യപ്രദേശിലായിരുന്നു സംഭവം. റെയിൽവേ ജീവനക്കാരനാണ് അറസ്റ്റിലായതെന്നാണ് വിവരം.

സെപ്‌തംബർ 18നാണ് സൈനികർ യാത്ര ചെയ്‌തിരുന്ന പ്രത്യേക ട്രെയിൻ കടന്നുപോകവെ ട്രാക്കിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. തീവണ്ടി സഞ്ചരിക്കുന്ന പാതയിൽ മദ്ധ്യപ്രദേശിലെ റത്‌ലം എന്ന ജില്ലയില്‍ പത്തുമീറ്റര്‍ സ്ഥലത്ത് പത്തിടങ്ങളിലായി സ്‌ഫോടകവസ്തുക്കള്‍ വച്ചതായാണ് കണ്ടെത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ, എൻഐഎ, കരസേന, ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നിവർ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.

ട്രെയിൻ കടന്നുപോയപ്പോൾ തന്നെ പടക്കങ്ങൾ പോലുള്ള സ്‌ഫോടക വസ്‌തുക്കൾ പൊട്ടി. ആദ്യ സ്ഫോടനം കേട്ടപ്പോൾ തന്നെ ലോക്കോ പൈലറ്റ് ബ്രേക്കിട്ട് ട്രെയിൻ നിർത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ സപ്ഘാത - ഡോണ്‍ഘര്‍ഗാവ് സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ട്രാക്കില്‍ പത്ത് മീറ്ററിനിടയില്‍ പത്ത് സ്‌ഫോടക വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തി.