സ്വിമ്മിംഗ് പൂളും ഓർഡർ ചെയ‌്ത ഭക്ഷണത്തിന്റെ ബില്ലും, സിദ്ദിഖിന് കുരുക്ക് മുറുക്കിയ തെളിവുകൾ

Tuesday 24 September 2024 11:50 AM IST

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര മേഖലയിലെ വിവിധ വനിതാ പ്രവർത്തകർ പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിൽ തെളിവുകൾ രജിസ്‌റ്റർ ചെയ‌്ത ഏറ്റവും ശക്തമായ കേസായിരുന്നു സിദ്ദിഖിന്റെത്. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളെല്ലാം സാധൂകരിക്കുന്ന സാഹചര്യത്തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സിനിമാ പ്രിവ്യൂ കഴിഞ്ഞ് അച്ഛനമ്മമാർക്കും കൂട്ടുകാരിക്കുമാെപ്പമാണ് സിദ്ദിഖിനെ കാണാൻ ഹോട്ടലിൽ എത്തിയതെന്ന നടിയുടെ മൊഴി ശരിയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. 2016 ജനുവരി 27ന് രാത്രി 12ന് തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ 101 ഡി നമ്പർ മുറിയെടുത്ത സിദ്ദിഖ് മടങ്ങിയത് പിറ്റേന്ന് വൈകിട്ട് 5നാണ്. ഹോട്ടൽ രേഖകൾ ശേഖരിച്ചിട്ടുണ്ട്. സിദ്ദിഖ് ചോറും മീൻകറിയും തൈരും കഴിച്ചതിന്റെ ബില്ലും ഇതിലുൾപ്പെടുന്നു. നടിയുടെ മൊഴിയിൽ ഭക്ഷണത്തിന്റെ കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നു.

തന്നെ സിദ്ദിഖ് ക്ഷണിച്ച മുറിയിൽ നിന്ന് നോക്കി കഴിഞ്ഞാൽ സ്വിമ്മിംഗ് പൂൾ കാണാമെന്ന് നടി മൊഴി നൽകിയിരുന്നു. തെളിവെടുപ്പിന് എത്തിച്ചപ്പോൾ പരാതിക്കാരി ഇത് അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു. സിദ്ദിഖ് സംഭവ ദിവസം കഴിച്ച ഭക്ഷണത്തിന്റെ ബിൽ എടുപ്പിച്ചപ്പോൾ അത് ശരിയാണെന്ന് തെളിയുകയും ചെയ്‌തു. സംഭവത്തിന് ശേഷം മാനസിക നില തകരാറിലായ പരാതിക്കാരി ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ വിശദാംശങ്ങളും പീഡനം നടന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഇത്തരം സാഹചര്യത്തെളിവുകളാണ് സിദ്ദിഖിന് കുരുക്ക് മുറുക്കിയത്.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ സിദ്ദിഖിനെ അറസ്‌റ്റ് ചെയ‌്തേക്കും. ജസ്റ്റിസ് സി.എസ് ഡയസ് അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നേരത്തെ വാദം കേട്ടിരുന്നെങ്കിലും വിധി പറയുന്നത് മാറ്റിവയ്‌ക്കുകയായിരുന്നു. 376ാം വകുപ്പ് ചുമത്തി മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറുകയായിരുന്നു. 376ാം വകുപ്പ് അനുസരിച്ച് ബലാൽസംഗത്തിന് പത്തു വർഷത്തിൽ കുറയാത്തത്തും ജീവപര്യന്തംവരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കും. സെക്ഷൻ 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടുവർഷംവരെ തടവോ പിഴയോ രണ്ടുംകൂടിയ ശിക്ഷയോ ലഭിച്ചേക്കാം.

എന്നാൽ അറസ്‌റ്റ് തടയുന്നതിനായി സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന. വിധിപകർപ്പ് വന്നതിന് ശേഷമായിരിക്കും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.