ജനവിധി തേടുന്നത് ഒമർ അബ്ദുളളയടക്കമുളള പ്രമുഖ നേതാക്കൾ, കനത്ത സുരക്ഷയിൽ ജമ്മുകാശ്മീരിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്

Wednesday 25 September 2024 10:03 AM IST

ശ്രീനഗർ: ജമ്മുകാശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് പോളിംഗ് നടക്കുന്നത്. ആറ് ജില്ലകളിലായുളള 26 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 239 സ്ഥാനാർത്ഥികളാണ് ഇക്കുറി ജനവിധി തേടുന്നത്.

മുൻമുഖ്യമന്ത്രിയും നാഷൺ കോൺഫറൻസിന്റെ അദ്ധ്യക്ഷനുമായ ഒമർ അബ്ദുളള ഗന്ദർബാൽ, ബുദ്ഗാം എന്നീ സീ​റ്റുകളിൽ മത്സരിക്കുന്നുണ്ട്. ജമ്മുകാശ്മീരിലെ ബിജെപി അദ്ധ്യക്ഷൻ രവീന്ദർ റെയ്ന നൗഷേരയിൽ നിന്നും ജമ്മുകാശ്മീർ കോൺഗ്രസ് കമ്മി​റ്റിയുടെ പ്രസിഡന്റ് താരിഖ് ഹമീദ് കർര സെന്റട്രൽ ഷാൾട്ടെംഗ് സീ​റ്റിൽ നിന്നും മത്സരിക്കുന്ന പ്രമുഖ നേതാക്കൻമാരാണ്. ഭീകരവാദ ഭീഷണിയുള്ള പൂഞ്ചിലും രജൗരി മേഖലകളിലും കനത്ത സുരക്ഷാ വലയത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ജമ്മുകാശ്മീരിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം പിൻവലിച്ചതിനുശേഷമുളള ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. പത്ത് വർഷത്തിനുശേഷമാണ് സംസ്ഥാനത്ത് ജനാധിപത്യാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നാഷണൽ കോൺഫറൻസും ഇന്ത്യാസഖ്യവും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. അതേസമയം, ചെറിയ പാർട്ടികളും മത്സരരംഗത്തുണ്ട്. അവസാനഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിന് നടക്കും. വോട്ടെണ്ണൽ എട്ടിന്‌.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സെപ്​റ്റംബർ 18നായിരുന്നു. ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിലായിരുന്നു അന്ന് മത്സരം. അന്ന് 61.13 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇത് 2014ൽ രേഖപ്പെടുത്തിയ പോളിംഗിനേക്കാൾ കുറവായിരുന്നു.