നടിയുടെ പീഡന പരാതി; ഇടവേള ബാബു അറസ്റ്റിൽ, ചോദ്യം ചെയ്‌തത് മൂന്ന് മണിക്കൂറോളം

Wednesday 25 September 2024 2:19 PM IST

കൊച്ചി: നടിയെ പീഡനത്തിനിരയക്കിയെന്ന കേസിൽ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ഇടവേള ബാബുവിനെ ജാമ്യത്തിൽ വിട്ടയച്ചു. രാവിലെ കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇടവേള ബാബുവിന് പൊലീസ് നിർദേശം നൽകിയിരുന്നു. പത്ത് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലിന് ശേഷം ഒരു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും, പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചുവെന്നുമാണ് പരാതി. പീഡനം, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കുറ്റം തെളിഞ്ഞാൽ ചുരുങ്ങിയത് പത്ത് വർഷം വരെ തടവും പിഴയും ലഭിക്കും.