'ഞാൻ അ‌‌ർജുന്റെ അമ്മയ്ക്ക് കൊടുത്ത വാക്കാണ്, അവനെ കൊണ്ടേ ഇവിടുന്ന് പോകുള്ളൂ'; വിതുമ്പി മനാഫ്

Wednesday 25 September 2024 4:04 PM IST

അങ്കോള: ഷിരൂരിലെ മണ്ണിടിച്ചിലിൽ ഗംഗാവലിപ്പുഴയിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തിയിരുന്നു. 71 ദിവസത്തെ തെരച്ചിലിനൊടുവിലാണ് ലോറിയുടെ ക്യാബിൻ കണ്ടെത്തുന്നത്. ക്യാബിനിൽ ഉണ്ടായിരുന്ന മൃതദേഹം പുറത്തെടുത്തു.

അർജുന്റെ സഹോദരി ഭർത്താവ് ജിതിനും ലോറിയുടമയും ഈ സമയം ദൗത്യസ്ഥലത്ത് ഉണ്ടായിരുന്നു. കണ്ണീരോടെയാണ് ഇരുവരും ഈ നിമിഷത്തിന് സാക്ഷിയായത്. അർജുന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് താൻ പാലിച്ചെന്ന് ലോറിയുടമ മനാഫ് പറഞ്ഞു.

'അർജുനെയും കൊണ്ടേ ഞാൻ പോകുള്ളൂ. അത് ഞാൻ അമ്മയ്ക്ക് കൊടുത്ത വാക്കാണ്. ഒരാൾ ഒരു കാര്യത്തിന് വേണ്ടി ഉറച്ച് നിന്നാൽ അത് സാധിക്കുമെന്നതിന്റെ തെളിവാണ് ഇത്. അർജുനെ ഗംഗാവലി പുഴയിൽ ഉപേക്ഷിച്ച് പോകാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു. അതിനാലാണ് ഇത്രയും നാൾ കഷ്ടപ്പെട്ടത്. അർജുന്റെ അമ്മയ്ക്ക് നൽകിയ ഉറപ്പ് ഞാൻ പാലിച്ചു. ഇനി അവനെ അവിടെ എത്തിക്കും',- മനാഫ് പറഞ്ഞു.

അർജുൻ തിരിച്ച് വരില്ലെന്ന് ഉറപ്പായിരുന്നെങ്കിലും വലിയൊരു ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരം ലഭിച്ചതെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പ്രതികരിച്ചു. വലിയ വൈകാരിക രംഗങ്ങളാണ് ഷിരൂരിലെ രക്ഷാപ്രവർത്തന സ്ഥലം സാക്ഷ്യം വഹിക്കുന്നത്. സ്ഥലം എംഎൽഎയും ജില്ലാഭരണകൂടവും സ്ഥലത്തുണ്ട്. കരുതിയിരുന്നത് പോലെ അഴുകിയ നിലയിലാണ് മൃതദേഹം.

ജൂലായ് 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായത്. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ തെരച്ചിൽ പലപ്പോഴും അനിശ്ചിതത്വത്തിൽ തുടർന്നപ്പോഴും, ഡ്രഡ്ജർ എത്തിച്ചുളള തെരച്ചിലിൽ അർജുനെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷയാണ് ഇപ്പോൾ ഏറെ ദുഖപൂർണമാണെങ്കിൽ പോലും ഫലം കണ്ടത്.