'നമുക്കു   പാർക്കാൻ മുന്തിരിത്തോപ്പുകൾ'; മോഹൻലാലിന്റെ ഇതുവരെ പുറത്തുവരാത്ത ചിത്രം പങ്കുവച്ച് പത്മരാജന്റെ മകൻ

Thursday 26 September 2024 9:08 AM IST

പി പത്മരാജൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1986ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ'. മോഹൻലാൽ,​ ശാരി,​ തിലകൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാള സിനിമയിൽ തന്നെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിന് തുടക്കം കുറിച്ച് സിനിമ കൂടിയാണിത്. തിരക്കഥ,​ ഛായാഗ്രാഹണം,​ സംഗീതം എന്നിവ കൊണ്ട് ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ സിനിമയുമായി ബന്ധപ്പെട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ലാത്ത ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനിൽ നായകൻ മോഹൻലാൽ വളർത്തുനായയുമായി നിൽക്കുന്ന ചിത്രമാണ് അനന്തപത്മനാഭൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചത്.

'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിൽ നിന്ന് ഇതുവരെ ആരും കാണാത്ത ഒരു ചിത്രം', - എന്ന തലക്കെട്ടും ചിത്രത്തിന് നൽകിയിട്ടുണ്ട്. ആ കാലഘട്ടത്തിലുള്ള മോഹൻലാലിന്റെ പുതിയ പഴയ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലാണ്. ചിത്രത്തിന് നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്.

'പവിഴം പോൽ എന്ന ഗാനരംഗത്തിൽ ഈ സീൻ ഇല്ലേ', 'സാറിന്റെ ഏറ്റവും നല്ല ജനപ്രിയ സിനിമകളിലൊന്ന്', 'സൂപ്പർ', 'ഇത്രയ്ക്കും stylish ആയി മോഹൻലാലിന്റെ മറ്റൊരു പടം ഉണ്ടോ എന്ന് സംശയം. ജയകൃഷ്ണനേക്കാൾ എനിക്ക് ഇഷ്ടം സോളമനെയാണ്' എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.