ചൈനയിൽ കൊന്ന് തിന്നുമ്പോൾ ഇവിടെ ആരാധിക്കുകയാണ്, പാമ്പിനെ ദൈവമായിട്ട് കാണുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി

Thursday 26 September 2024 3:49 PM IST

പത്തനംതിട്ട: ചൈനയിൽ പാമ്പിനെ കൊന്നുതിന്നുമ്പോൾ ഇന്ത്യയിൽ അതിനെ ആരാധിക്കുകയാണെന്ന പരിഹാസവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. പാമ്പിനെ ദൈവമായിട്ടൊന്നും ആരും കാണുന്നില്ല. സർപ്പങ്ങളെ കൊല്ലാതിരിക്കാൻ വേണ്ടിയാണ് സർപ്പക്കാവ് ഉണ്ടാക്കി വച്ചിട്ടുള്ളത്. പാലു കൊടുക്കുന്ന കൈയ്‌ക്ക് തന്നെ കടിക്കുന്ന ജീവിയാണ് പാമ്പ്. ചൈനയിലെ ആളുകൾ പാമ്പിനെ കഴിക്കുമ്പോൾ അവിടെ പാമ്പിനേയും കുരങ്ങിനേയുമെല്ലാം ആരാധിക്കുകയാണ്. പാമ്പിനെ ദൈവമായിട്ട് താൻ കാണുന്നില്ലെന്നും ഉദയഭാനു പ്രതികരിച്ചു.

കേരളത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചതിനെ എതിർക്കുന്നവരാണ് ആർ.എസ്.എസുകാരെന്ന് ഉദയഭാനു പരിഹസിച്ചിരുന്നു. മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് പന്നി എന്നാണ് ആർ.എസ്.എസ് പറയുന്നത്. ഹിരണ്യകശിപു ഭൂമിയെ പായായി ചുരുട്ടി കടലിൽ താഴ്ത്തി. ഭൂമിയെ രക്ഷിക്കുന്നതിനായി മഹാവിഷ്ണു വരാഹവതാരമെടുത്ത് കടലിൽ നിന്ന് തേറ്റകൊണ്ട് ഭൂമിയെ കുത്തിയെടുത്തു. ഇതാണ് പ്രചരിപ്പിക്കുന്ന കഥ.

ഭൂമി ചുരുങ്ങുമ്പോൾ സമുദ്രവും ചുരുങ്ങുമെന്ന് ഈ മണ്ടൻമാർ കരുതണം. ഭൂമിയെ രക്ഷപ്പെടുത്തിയപ്പോൾ വരാഹവുമായി ഭൂമിക്ക് സ്‌നേഹമുണ്ടായി. അങ്ങനെയാണ് നരകാസുരൻ ഉണ്ടായത്. ഇത്തരം കഥകൾ അവർ പ്രചരിപ്പിക്കുകയാണ്. വന്യജീവിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കോന്നി ഡി.എഫ്.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 52 വർഷമായ വന നിയമങ്ങൾ മാറ്റിയെഴുതണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു.