ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായി ലഹരി ഗുളികകൾ നൽകും; കെണിയിൽ വീണത് തലസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥിനികൾ
Thursday 26 September 2024 4:54 PM IST
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് ലഹരി ഗുളികകൾ നൽകുന്ന യുവാവ് പിടിയിൽ. നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശി ശ്യാംമാധവിനെയാണ് (43) ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്.
ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികൾക്ക് ലഹരി വസ്തുക്കൾ നൽകുന്നതായിരുന്നു പ്രതിയുടെ രീതി. ഒരു പെൺകുട്ടിയുമായി സൗഹൃദത്തിലായി ഇവർവഴി കൂടുതൽ പെൺകുട്ടികളെയും പ്രതി വലയിലാക്കിയിരുന്നു. ഇവർക്കും ലഹരിഗുളികകൾ പ്രതി കൈമാറിയിരുന്നു. നെയ്യാറ്റിൻകര മേഖലയിൽ നിരവധി വിദ്യാർത്ഥിനികൾ ഇയാളുടെ കെണിയിൽ വീണതായാണ് സൂചന.
പന്നിഫാം നടത്തുന്ന ശ്യാംമാധവ് നെയ്യാറ്റിൻകര, ബാലരാമപുരം സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.