'സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയുടെ അറിവോടെ', മന്ത്രി റിയാസിനേയും ലക്ഷ്യമിട്ട് അന്‍വര്‍

Thursday 26 September 2024 6:32 PM IST

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അന്‍വറിന്റെ ആരോപണം. ശിവശങ്കര്‍ വിഷയം ഉള്‍പ്പെടെ അദ്ദേഹം ഉന്നയിച്ചു. മൂക്കിന് കീഴില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും പിണറായിക്ക് അറിയില്ല. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായിയെന്നും അന്‍വര്‍ പരിഹസിച്ചു.

പിണറായി വിജയനെ മുന്നോട്ട് നയിക്കുന്നത് ഉപചാപ സംഘങ്ങളാണെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നും അന്‍വര്‍ പറഞ്ഞു. തന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണെന്നും അവരോടാണ് ബാദ്ധ്യതയെന്നും താന്‍ രാജി വയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും അന്‍വര്‍ പറഞ്ഞു. പിതാവിന്റെ സ്ഥാനത്താണ് പിണറായി വിജയനെ കണ്ടത്. എന്നാല്‍ അദ്ദേഹം എന്നെ ചതിച്ചു. ഉന്നതര്‍ക്ക് എന്ത് അഴിമതിയും നടത്താമെന്നതാണ് സ്ഥിതിയെന്നും അന്‍വര്‍ ആരോപിച്ചു.

സിപിഎമ്മില്‍ അടിമത്തമാണ് നടക്കുന്നത്. മരുമകന്‍ മുഹമ്മദ് റിയാസിന് വേണ്ടിയാകാം ഇതെല്ലാം. പാര്‍ട്ടിയില്‍ ഒരു റിയാസ് മാത്രം മതിയോയെന്നും അന്‍വര്‍ ചോദിക്കുന്നു. ഇതിലൂടെ മന്ത്രി റിയാസിനേയും അന്‍വര്‍ ലക്ഷ്യമിടുകയാണ്. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന് പോലും രക്ഷയില്ലെന്നും അന്‍വര്‍ പരിഹസിച്ചു. ആഭ്യന്തര മന്ത്രിയായി ഒരു നിമിഷം പോലും തുടരാന്‍ പിണറായിക്ക് അര്‍ഹതയില്ലെന്നും അദ്ദേഹത്തിന്റെ ശോഭ കെട്ടുവെന്നും അന്‍വര്‍ പറയുന്നു.

അതേസമയം അന്‍വറിന്റെ ആരോപണങ്ങളെ എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ രംഗത്ത് വന്നു. അന്‍വര്‍ ശത്രുക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തിനുള്ള മറുപടി പാര്‍ട്ടി പറയുമെന്നും ഇടത് കണ്‍വീനര്‍ പറഞ്ഞു. അതേസമയം, ഇടത് മുന്നണിയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചുവെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു.

Advertisement
Advertisement