ചൈനയ്ക്ക് വൻനാണക്കേട്; അത്യാധുനിക ആണവ അന്തർവാഹനി മുങ്ങി., അമേരിക്കയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ ചൈനീസ് അധികൃതർ

Friday 27 September 2024 8:19 PM IST

വാഷിംഗ്ടൺ : ലോകത്തെ തന്നെ വൻസൈനിക ശക്തിയാണ് ഏഷ്യൻ രാജ്യമായ ചൈന. നിലവിൽ ആഗോളതലത്തിൽ ഏറ്റവും വലിയ നാവിക സേനയും ചൈനയുടേതാണ്. 2022ലെ റിപ്പോർട്ടുകൾ പ്രകാരം ചൈനയ്ക്ക് ആറ് ആണവോർജ ബാലിസ്റ്റിക്ക് മിസൈൽ അന്തർവാഹിനികളും ആറ് ആണവ ശക്തിയുള്ള ആക്രമണ അന്തർവാഹിനികളും 48 ഡീസൽ പവർ അറ്റാക്ക് അന്തർവാഹിനികളും ഉണ്ടെന്നാണ് കണക്ക്. എന്നാൽ ചൈനയുടെ അത്യാധുനിക അന്തർവാഹിനികളിൽ ഒന്ന് മുങ്ങിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ മേയ്- ജൂൺ മാസങ്ങളിലാണ് സംഭവം നടന്നതെന്ന് അമേരിക്കയുടെ ഒരു മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ അമേരിക്കയുടെ ആരോപണത്തിൽ ചൈനീസ് അധികൃതർ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്നും നിലവിൽ നൽകാൻ വിവരങ്ങളോന്നുമില്ലെന്നും വാഷിംഗ്‌ടണിലെ ചൈനീസ് എംബസി വക്താവ് പ്രതികരിച്ചു. ചൈനയുടെ ആണവ അന്തർവാഹിനി മുങ്ങാൻ കാരണം എന്താണെന്നോ ആ സമയത്ത് കപ്പലിൽ ആണവ ഇന്ധനം ഉണ്ടായിരുന്നോ എന്നുമുള്ള കാര്യങ്ങൾ വ്യക്തമല്ലെന്നും ചൈന ഇക്കാര്യങ്ങൾ മറച്ചുവയ്ക്കുന്നതിൽ അദ്ഭുതപ്പെടാനില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം 340ലധികം കപ്പലുകളാണ് നിലവിൽ ചൈനയുടെ പക്കലുള്ളത്. 2025 ഓടെ മുങ്ങിക്കപ്പലുകൾ 64 ആയും 2035ഓടെ 80 ആയും ഫയരുമെന്ന് യു,​എസ് പ്രതിരോധ വകുപ്പ് അറിയിച്ചു. ചൈനയുടെ ആണവായുധ നിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾ ഉയർത്താൻ സാദ്ധ്യതയുണ്ടെന്നും വിലയിരുത്തൽ ഉണ്ട്.

Advertisement
Advertisement