മഹാത്മാവേ മാപ്പ്...; കോട്ടയത്തെ ഗാന്ധിപ്രതിമയോട് അവഗണന

Sunday 29 September 2024 12:06 AM IST

കോട്ടയം : ഗാന്ധി ജയന്തിക്ക് മൂന്നു ദിവസം മാത്രം ശേഷിക്കെ നഗരമദ്ധ്യത്തിൽ തിരുനക്കര മൈതാനത്തിന് മുന്നിലുള്ള ഗാന്ധി പ്രതിമ ആരും തിരിഞ്ഞു നോക്കാതെ വികൃതമായ നിലയിൽ. കഴിഞ്ഞ വർഷം ചാർത്തിയ ജമന്തി മാല മഴയും, വെയിലുമേറ്റ് ഉണങ്ങി പ്രതിമയിൽ പറ്റി പിടിച്ചിരിക്കുന്നു. തലഭാഗത്ത് പക്ഷികൾ വിസർജ്ജിച്ച നിലയിൽ. തലങ്ങും വിലങ്ങും വൈദ്യുതി - ടെലിഫോൺ കമ്പികളും കേബിളുകളും. താഴെ അന്തിയുറങ്ങുന്ന തെരുവ് നായ്ക്കൾ. ചുറ്റുവേലിയിൽ പരസ്യ ബോർഡുകൾ. പ്രതിമയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച സ്റ്റീൽ തൂണുകൾ മറിഞ്ഞു കിടക്കുന്നു. രാഷ്ട്രപിതാവിനോട് ഇത്രയേറെ അനാദരവ് കാട്ടിയിട്ടും രാഷ്ട്രീയ പാർട്ടികളോ, നേതാക്കളോ, സാംസ്കാരിക പ്രവർത്തകരോ ഒരക്ഷരം ഉരിയാടുന്നില്ല. പെൻഷൻ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ മുങ്ങി നിൽക്കുന്ന നഗരസഭാധികൃതർ ഇനി ഗാന്ധിജയന്തിയുടെ തലേന്നാകും പ്രതിമയും പരിസരവും വൃത്തിയാക്കുക. വെയിലും മഴയുമേറ്റ് മങ്ങിയ പ്രതിമ ഇനി കറുപ്പടിക്കും. മാല ചാർത്താൻ ഉയരത്തിലുള്ള പ്രതിമാ പീഠത്തിൽ ഗോവണി വയ്ക്കും. അതിൽ കയറി നിന്ന് നേതാക്കൾ ഫോട്ടോയ്ക്ക് പോസ് ചെയ്യും.

കോടതി വിധി കാറ്റിൽപ്പറത്തി നഗരസഭ
രാജ്യത്തെ ലക്ഷണമൊത്ത ഗാന്ധി പ്രതിമകളിലൊന്നാണ് കോട്ടയത്തേത്. വർഷങ്ങൾക്ക് മുൻപ് ഇത് തിരുനക്കര മൈതാനത്തേക്ക് മാറ്റാൻ ശ്രമം നടന്നെങ്കിലും ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. ഗാന്ധി പ്രേമികൾ നൽകിയ ഹർജിയിൽ ഗാന്ധി സ്ക്വയറിൽ പരസ്യബോർഡുകൾ പതിക്കുന്നത് ഹൈക്കോടതി വർഷങ്ങൾക്ക് മുമ്പ് വിലക്കിയിരുന്നു. എന്നാൽ ഇത് നടപ്പാക്കേണ്ടവർ തന്നെ കാറ്റിൽപ്പറത്തി. പരസ്യ ബോർഡുകൾ വയ്ക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഇല്ലെങ്കിൽ നഗരസഭാ സെക്രട്ടറിയിൽ നിന്ന് പിഴ ഈടാക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്.

''ഒരു ഗാന്ധിജയന്തിക്ക് ശേഷം അടുത്ത വർഷം വരെ ഇതാണ് സ്ഥിതിയെങ്കിലും നഗരം ഭരിക്കുന്നവർക്ക് ഒരു നാണക്കേടും തോന്നുന്നില്ല. ഗാന്ധിപ്രതിമ സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണം. ഇനിയും അവഗണന തുടരരുത്.

ഗാന്ധിപ്രേമികൾ

Advertisement
Advertisement