തമിഴ്നാട്ടിലെ ടാറ്റ ഇലക്‌ട്രോണിക്സ് ഫാക്ടറിയിൽ തീപിടിത്തം

Sunday 29 September 2024 1:21 AM IST

ചെന്നൈ: തമിഴ്നാട്ടിലെ ടാറ്റ ഇലക്‌ട്രോണിക്സ് ഫാക്ടറിയിൽ തീപിടിത്തം. ഹൊസൂരിലുള്ള ഫാക്ടറിയുടെ സെൽഫോൺ നിർമ്മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ജീവനക്കാരെ ഉടൻ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചെന്നും ആളപായമോ പരിക്കോ ഇല്ലെന്നും അധികൃതർ അറിയിച്ചു. അപകട കാരണം അന്വേഷിച്ചുവരികയാണ്. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പ്രദേശത്ത് പുക വ്യാപിച്ചു. 1,​500ഓളം ജീവനക്കാരുള്ള സമയത്തായിരുന്നു അപകടം. നാട്ടുകാരും ജീവനക്കാരും മണിക്കൂറുകളോളം പരിഭ്രാന്തിയിലായി. ഹൊസൂരിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി എത്തിയ ഏഴ് അഗ്നിശമന സേനാ യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്. ജീവനക്കാർ സുരക്ഷിതരാണെന്നും തീപിടിത്തത്തിന് കാരണമെന്താണെന്ന് അന്വേഷിച്ചു വരികയാണെന്നും കമ്പനി അറിയിച്ചു. ശ്വാസതടസം അനുഭവപ്പെട്ട മൂന്ന് ജീവനക്കാരെ ആശുപത്രിയിലെത്തിച്ചു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. പ്ലാന്റിലെ എമർജൻസി പ്രോട്ടോക്കോളുകൾ ഉറപ്പാക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ടാറ്റ ഇലക്‌ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാനും ജീവനക്കാർ സുരക്ഷിതമായി സ്ഥലം ഒഴിയുന്നത് ഉറപ്പാക്കാനും 100ലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Advertisement
Advertisement