അനധികൃത നിലം നികത്തൽ; പ്രതിഷേധവുമായി നാട്ടുകാർ

Sunday 29 September 2024 12:50 AM IST

മാന്നാർ: കൃഷിയിടം സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണടിച്ചു നികത്തുന്നതായി പരാതി. മാന്നാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കുരട്ടിശ്ശേരി വില്ലേജിൽ ഇടപ്പുഞ്ച പടിഞ്ഞാറ് പാടശേഖരത്തിന്റെ ഭാഗമാണ് രണ്ടുദിവസമായി അനധികൃതമായി സ്വകാര്യ വ്യക്തി മണ്ണടിച്ച് നികത്തുന്നത്. നാട്ടുകാർ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ വെള്ളിയാഴ്ച സ്ഥലം സന്ദർശിക്കുകയും പാടം നികത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. എന്നാൽ ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വീണ്ടും മണ്ണടിച്ച് നികത്തുന്ന പ്രവർത്തികൾ തുടർന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. അനധികൃതമായി കൃഷിയിടങ്ങൾ നികത്തുന്നത് നിയമവിരുദ്ധമാണെന്ന് ഇരിക്കെ കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisement
Advertisement