ഉദയനിധി ഉപമുഖ്യമന്ത്രി, ബാലാജി വീണ്ടും
Sunday 29 September 2024 4:33 AM IST
ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും. ഇന്ന് വൈകിട്ട് 3.30ന് സത്യപ്രതിജ്ഞ ചെയ്തേക്കും. ഇത് സംബന്ധിച്ച് സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും. സെന്തിൽ പുറത്തിറങ്ങിയതോടെ മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന നടക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
നാല് മന്ത്രിമാരാകും പുതിയതായി അധികാരമേൽക്കുക. മൂന്ന് മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2021 മേയിലാണ് ഉദയനിധി എം.എൽ.എ ആയത്. 2022 ഡിസംബറിൽ സ്റ്റാലിൻ മന്ത്രിസഭയിലെത്തി. നിലവിൽ കായിക യുവജനക്ഷേമ മന്ത്രിയാണ്.